ജില്ലയിലെ വികസന പദ്ധതികള്‍ സര്‍ക്കാരിന്റെ മുമ്പാകെ അവതരിപ്പിക്കും: കൃഷി വകുപ്പ് മന്ത്രി
May 7, 2012, 16:51 IST

കാസര്‍കോട്: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിവിധ വികസന പദ്ധതികള്‍ സര്‍ക്കാരിന്റെ മുമ്പാകെ അവതരിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ജില്ലാ കളക്ടറുടെചേംബറില്‍ ചേര്‍ന്ന ജില്ലയിലെ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ. മാര്‍ ഒരോ മണ്ഡലത്തിലും അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതികള്‍ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. കാസര്‍കോട് നഗരത്തിലെയും പരിസര പഞ്ചായത്തുകളുടെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണം ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം, കര്‍ണ്ണാടകയിലെ പുത്തൂരില്‍ നിന്നും മൈലാട്ടിയിലേക്ക് 220 കെ.വി. ലൈന്‍ സ്ഥാപിച്ചു വൈദ്യുതി എത്തിക്കണം, ജില്ലയില്‍ ഭൂഗര്‍ഭ കേബിള്‍ മുഖേന വൈദ്യുതി എത്തിക്കുന്ന പദ്ധതി ത്വരിത പ്പെടുത്തണം, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതി ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രഗ്രാന്റ് കടമായി മാറുകയും ഇതു സര്‍ക്കാറിന്‍മേല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണം, ഈ പദ്ധതി നടപ്പിലാക്കാന്‍ ദേലംപാടി പഞ്ചായത്തിലെ വന മേഖലയില്‍ ലൈന്‍ സ്ഥാപിക്കാന്‍ ഉന്നത തല ഇടപെടലുകള്‍ നടത്തണം. ഈ മേഖലയില്‍ ഇതിനകം തന്നെ 6 ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്നുവെങ്കിലും വനം വകുപ്പ് പണി തുടരാന്‍ അനുവദിക്കാത്തതുമൂലം ട്രാന്‍സ്ഫോര്‍മറുകള്‍ തുരുമ്പെടുക്കുന്നു.
ജില്ലാ ആശുപത്രിയില്‍ കുറവുള്ള ആറു ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണം. ജനറല്‍ ആശുപത്രിയില്‍ 36 ഡോക്ടര്‍മാര്‍ വേണ്ടതില്‍പകുതിപേര്‍ മാത്രമെ ഉള്ളുവെന്നും ഉടന്‍ തന്നെ ആവശ്യ ശ്യമായ ഡോക്ടര്‍മാരെ നിയമിക്കണം. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം സ്ഥപിക്കണം,ട്രയാജിന്‍ ചികില്‍സാ സൌകര്യം ഏര്‍പ്പെടുത്തണം. ആശുപത്രിയിലേക്ക് കുടിവെള്ളം എത്തിക്കണം. ഡി.എം.ഒ. ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം ആശുപത്രിയില്‍ മലിനജല സംസ്ക്കരണയൂണിറ്റ് സ്ഥാപിക്കണം. നീലേശ്വരം എഫ്.സി.ഐ. യില്‍ അട്ടികൂലിയുടെ പേരില്‍ ജില്ലയില്‍ മുടങ്ങി കിടക്കുന്ന റേഷന്‍ വിതരണം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി എടുക്കണം.ബേക്കലില്‍ നിലവിലുള്ള ടൂറിസം പാര്‍ക്കിനോട് ചേര്‍ന്ന് ഒന്‍പതു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ പാര്‍ക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതു പുതുക്കി പ്രയോജന പ്രദമാക്കണം.
എന്‍ഡോസള്‍ഫാന്‍ സമഗ്ര പുനരധിവാസ പദ്ധതിക്ക് 23 ഏക്കര്‍ സ്ഥലം ലഭ്യാമാക്കാന്‍ നടപടി എടുക്കണം. ജില്ലയില്‍ വിധ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം തടയാന്‍ നടപടി വേണം. മണ്ണ് കടത്തുന്നത് തടയണം. ഖനനം ചെയ്യുന്ന മണല്‍ താലൂക്കിനു പുറത്ത് കടത്താന്‍ അനുവദിക്കരുത്. ഭൂമി വിതരണത്തിനും പട്ടയം നല്‍കുന്നതിനും എല്‍.എ. കമ്മറ്റി രൂപീകരിക്കണം. അച്ചാംതുരത്തി കാര്യങ്കോട് പാലങ്ങള്‍ നിര്‍മ്മിക്കണം. ചളിയംകോട് റോഡില്‍ മഴക്കാലത്ത് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യണം. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യലയത്തിന് 8 ഏക്കര്‍സ്ഥലം കുറഞ്ഞ ലീസ് തുകയ്ക്ക് അനുവദിക്കണം. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതികള്‍ക്ക് ആവശ്യമായ തുക അനുവദിക്കണം. ചീമേനിയില്‍ സ്ഥലംഅനുവദിച്ചിട്ടുള്ള ചങ്ങറ സമരക്കാര്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ എം.എല്‍.എ.മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. പരമാവധി പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
യോഗത്തില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബ.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യമളാ ദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ സബ് കളക്ടര്‍ പി.ബാലകിരണ്‍ എ.ഡി.എം.എച്ച്.ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister K.P.Mohanan, Kasaragod