city-gold-ad-for-blogger

ദേവലോകം കൊലക്കേസിനു തുമ്പായത് ഇമാം ഹുസൈനിന്റെ വിസിറ്റിംഗ് കാര്‍ഡ്

ദേവലോകം കൊലക്കേസിനു തുമ്പായത് ഇമാം ഹുസൈനിന്റെ വിസിറ്റിംഗ് കാര്‍ഡ്
കാസര്‍കോട്: ബദിയടുക്കയിലെ ദേവലോകത്ത് നടന്ന ഇരട്ടക്കൊലക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന സയ്യിദ് ഇമാം ഹുസൈന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായപ്പോള്‍ 19 വര്‍ഷം മുമ്പ് നാടിനെ നടുക്കിയ കൊലയെ സംബന്ധിച്ച് പോലീസിന് പറയാനേറെ.

1993 ഒക്ടോബര്‍ 9ന് അര്‍ദ്ധരാത്രിക്കു ശേഷമാണ് ബ്രാഹ്മണ ദമ്പതികളും സാത്വികരുമായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യ ശ്രീമതിയെയും ഇമാം ഹുസൈന്‍ നിഷ്ഠൂരമായി കൊന്നത്. ശ്രീകൃഷണ ഭട്ടിന്റെയും ഭാര്യയുടെയും അന്ധവിശ്വാസം ശരിക്കും മുതലെടുത്താണ് ജ്യോതിഷിയും ദുര്‍മന്ത്രവാദിയുമായ ഇമാം ഹുസൈന്‍ ദേവലോകത്തെ വീട്ടിലെ സന്ദര്‍ശകനായത്. അതേസമയം പ്രതിക്ക് ശ്രീകൃഷ്ണ ഭട്ടിന്റെ ഭാര്യയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നുവെന്നും കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കേസിന് തുമ്പായത് ഇമാം ഹുസൈനിന്റെ വിസിറ്റിംഗ് കാര്‍ഡായിരുന്നു. കര്‍ണാടക സാഗര്‍ സ്വദേശിയായ ഈ ദുര്‍മന്ത്രവാദി മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ തമ്പടിച്ചാണ് വര്‍ഷങ്ങളോളം ജ്യോതിഷവും കൈനോട്ടവും ആഭിചാര ക്രിയകളും നടത്തിയിരുന്നത്. അതിനിടയിലാണ് ശ്രീകൃഷ്ണ ഭട്ടും ഭാര്യയും ഇയാളെ ഒരുനാള്‍ സമീപിക്കുന്നത്. ആദ്യസന്ദര്‍ശനത്തില്‍ തന്നെ ദേവലോകം ദമ്പതികള്‍ ഇമാം ഹുസൈനിന്റെ വലയില്‍ വീണു. തുടര്‍ന്ന് വീട്ടിലെ സന്ദര്‍ശകനായി. അന്ധവിശ്വാസിയായ ശ്രീകൃഷ്ണ ഭട്ടിനെ തുടര്‍ന്നുള്ള നാളുകളില്‍ പ്രതി മുതലെടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുപറമ്പില്‍ കോടികള്‍ വിലമതിക്കുന്ന അമൂല്യമായ സ്വര്‍ണനിധിയുണ്ടെന്ന് ഇരുവരേയും പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ക്ക് ഉറക്കമില്ലാതാവുകയും സ്വര്‍ണനിധി എങ്ങനെയെങ്കിലും കൈക്കലാക്കാനുള്ള ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അങ്ങനെയാണ് സ്വര്‍ണ നിധി കണ്ടെത്താനുള്ള ആഭിചാര ക്രിയയ്ക്കായി 1993 ഒക്ടോബര്‍ ഒമ്പതിന് രാത്രിയോടെ ഇമാം ഹുസൈന്‍ എത്തിയത്. ക്രിയകള്‍ക്ക് വേണ്ടി രണ്ട് നാടന്‍ കോഴികളും നാടന്‍ ചാരായവും പൂജാ സാമഗ്രികളും ശ്രീകൃഷ്ണ ഭട്ട് കരുതിവെച്ചു. ക്രിയയ്ക്കിടയില്‍ വീട്ടുപറമ്പില്‍ ഒരു തെങ്ങ് നടണമെന്നും ഇതിനുവേണ്ടി കുഴിവെട്ടിവെക്കണമെന്നും ഇമാം ഹുസൈന്‍ പ്രത്യേകം പറഞ്ഞിരുന്നു.

അര്‍ദ്ധരാത്രിയ്ക്കു ശേഷം ഇമാം ഹുസൈന്‍ തന്റെ പൂജാ കര്‍മ്മങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ കുഴിയില്‍ തെങ്ങുവെക്കാനായി ഭട്ടിനെയും കൂട്ടി പറമ്പിലിറങ്ങി. കുഴി കണ്ടപാടെ ആഴംപോരെന്നും കുറച്ചുകൂടി കുഴിക്കണമെന്നും മന്ത്രവാദി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ഭട്ട് കുഴിയിലിറങ്ങി പിക്കാസ് കൊണ്ട് കുഴിവെട്ടാന്‍ തുടങ്ങി. അതിനിടയിലാണ് സമീപത്തുണ്ടായിരുന്ന കൈക്കോട്ടെടുത്ത് ഇമാം ഹൂസൈന്‍ ഭട്ടിന്‌റെ തലയില്‍ ആഞ്ഞടിച്ചത്. രണ്ടടികൊണ്ട് ഗൃഹനാഥന്റെ കഥകഴിച്ചു. ഈ വിവരമൊന്നും വീട്ടമ്മ അറിഞ്ഞിരുന്നില്ല. അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളും ഗാഢനിദ്രയിലായിരുന്നു.

ഹുസൈന്‍ വീണ്ടും വീട്ടിനകത്തേക്ക് കയറി. തൊഴുകൈയ്യോടെ നിന്ന ശ്രീമതി ഭട്ടിനോടായിരുന്നു പിന്നീടുള്ള പരാക്രമം. ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ആകില്ലെന്ന് ഉറപ്പായതോടെ ശ്രീമതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അര്‍ദ്ധനഗ്നയായിരുന്ന വീട്ടമ്മയുടെ ശരീരമാസകലം മുറിപ്പാടുകളായിരുന്നുവെന്നും അതേസമയം  ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രതിക്ക് കഴിഞ്ഞില്ലെന്നും പോലീസ് ഓര്‍ക്കുന്നു. കൊലയ്ക്ക ശേഷം പ്രതി സ്ഥലം വിട്ടു. അതിനിടയിലാണ് ഒരു ചെരുപ്പും മംഗലാപുരം ലോഡ്ജിന്റെ അഡ്രസുള്ള വിസിറ്റിംഗ് കാര്‍ഡും വീട്ടിലകപ്പെട്ടുപോയത്. ഈ വിസിറ്റിംഗ് കാര്‍ഡാണ് കേസിന് സുപ്രധാന  തുമ്പായിമാറിയത്. സാക്ഷികളായി ആഭിചാര ക്രിയയ്ക്ക് കൊണ്ടുവന്ന മിണ്ടാപ്രാണികളായ രണ്ട് കോഴികളും. ഈ കോഴികള്‍ ദേവലോകം കേസിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലായിരുന്നു കോഴികളെ സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ രണ്ട് സാക്ഷികളും ചത്തു.

ദേവലോകം കൊലക്കേസുപോലെ പോലീസിനെ വട്ടം കറക്കിയ മറ്റൊരു കേസില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി എ.എസ്.പി മാരുടെയും, ഡി. വൈ.എസ്.പി മാരുടെയും മേല്‍നോട്ടത്തില്‍ ആദൂരില്‍ സി.ഐമാരായിരുന്ന സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ. പി മോഹന്‍ദാസും, കെ. ദാമോദരനുമാണ് ഏറ്റവുമൊടുവില്‍ കേസ് അന്വേഷിച്ചത്. അതിനിടയിലാണ് പ്രമാദമായ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പര്യവസാനമാണ് വെള്ളിയാഴ്ച രാത്രി   ബാംഗ്ലൂരില്‍ അരങ്ങേറിയത്.



Keywords: Kasaragod, Murder-case, Accuse, Arrest 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia