city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈന്തൂര്‍ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടാന്‍ നിര്‍ദേശം; സമയക്രമം മാറ്റണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 10/08/2015) ലാഭകരമല്ലെന്നും വരുമാനം കുറവാണെന്നും ചൂണ്ടിക്കാട്ടി ബൈന്തൂര്‍ ട്രെയിന്‍ നിര്‍ത്തലാക്കാന്‍ നടക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ബൈന്തൂര്‍ ട്രെയിന്‍ നിര്‍ത്തലാക്കുന്നതിനായി അധികൃതര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കിയവിവരം പുറത്തുവന്നതോടെയാണ് ഇതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുന്നത്. ട്രെയിന്‍ കോഴിക്കോട്ടേക്ക് കൂടി നീട്ടി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും സമയം ക്രമീകരിക്കണമെന്നുമുള്ള നിര്‍ദേശം ഇതോടെ റെയില്‍വേ അധികൃതരുടെ മുന്നിലെത്തിയിരിക്കുകയാണ്.

മൂകാംബിക ക്ഷേത്രം ഉള്‍പെടെയുള്ള ഭാഗങ്ങളിലേക്ക് ഉത്തര മലബാറിലെ യാത്രക്കാര്‍ക്ക് പോകാന്‍ പ്രയോജനപ്പെടുന്ന ട്രെയിനാണിത്. എന്നാല്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അശാസ്ത്രീയമായ സര്‍വീസിംങ്ങും കാരണം ഈ ട്രെയിനില്‍ കുറച്ചുകാലമായി യാത്രക്കാര്‍ വളരെ കുറവാണ്. മുമ്പ് കാസര്‍കോട്‌നിന്ന് ബൈന്തൂരിലേക്ക് പുറപ്പെട്ടിരുന്ന ട്രെയിന്‍ പിന്നീട് കണ്ണൂരിലേക്ക്കൂടി നീട്ടുകയായിരുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ട്രെയിന്‍ നീട്ടിയത്. രാവിലെ 4.30ന് കണ്ണൂരില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട്ട് ആറുമണിക്കെത്തുന്നു. 40 മിനുട്ടോളം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടശേഷം 6.40നാണ് ട്രെയിന്‍ യാത്ര തുടരുന്നത്. അതേസമയം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മംഗളൂരു സെന്റര്‍ സ്റ്റേഷനില്‍ ഈ ട്രെയിന്‍ പോകാത്തത് യാത്രക്കാരുടെ കുറവിന് ഒരു പ്രധാനകാരണമാണ്.

കങ്കനാടിവഴിയാണ് ബൈന്തൂരിലേക്ക് ട്രെയിന്‍ കടന്നുപോകുന്നത്. കഴിഞ്ഞ ഫ്രെബ്രുവരി ഒന്നിനാണ് കാസര്‍കോട്ട് നിന്നും ബൈന്തൂരിലേക്ക് ട്രെയിന്‍ യാത്ര ആരംഭിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ ഇടപെടലിനെതുടര്‍ന്നാണ് ഈ ട്രെയിന്‍ അനുവദിച്ചത്. യാത്രതുടങ്ങി രണ്ട് മാസം കഴിഞ്ഞശേഷം കണ്ണൂരിലേക്ക് കൂടി നീട്ടുകയായിരുന്നു. അതേസമയം ബന്ധപ്പെട്ടവരെയൊന്നും അറിയിക്കാതെ ചില റെയില്‍വേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഏറെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

ഉച്ചയ്ക്ക് ബൈന്തൂരില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.30ന് ആണ് കണ്ണൂരിലെത്തുന്നത്. എന്നാല്‍ അശാസ്ത്രീയവും യാത്രക്കാര്‍ക്ക് ഗുണകരമല്ലാത്തതുമായ രീതിയില്‍ സര്‍വീസ് നടത്തുന്ന ബൈന്തൂര്‍ ട്രെയിനില്‍ യാത്രക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഒരുനടപടിയും ബന്ധപ്പെട്ടവര്‍ കൈക്കൊണ്ടതുമില്ല. സാധാരണ പാസഞ്ചര്‍വണ്ടിക്ക് രണ്ട് പ്രധാന സ്റ്റേഷന്‍ ദൂരത്തില്‍ ലഭിക്കുന്ന വരുമാനംപോലും ബൈന്തൂര്‍ ട്രെയിനില്‍ കിട്ടുന്നില്ലെന്നാണ് അധികൃതര്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബൈന്തൂര്‍ ട്രെയിനിന്റെ സമയം മാറ്റുകയും കോഴിക്കോട് മഡ്ഗാവ് റൂട്ടിലേക്ക് നീട്ടുകയും ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പെടെയുള്ള സംഘടനകള്‍ പ്രശ്‌നത്തിലിടപെടുമെന്നാണ് സൂചന.
ബൈന്തൂര്‍ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടാന്‍ നിര്‍ദേശം; സമയക്രമം മാറ്റണമെന്നും ആവശ്യം

Keywords: Kasaragod, Train, Kerala, Kozhikode, Byndoor Express, Demand to extend route of Byndoor Express, Royal Silks.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia