Footpath | സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി ദേശീയപാതയിൽ കാൽനടയാത്രക്കാർക്ക് നടപ്പാത ഒരുക്കണമെന്ന് ആവശ്യം
* യുഎൽസിസി ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ
മൊഗ്രാൽ: (KasargodVartha) ദേശീയപാതയിലെ സർവീസ് റോഡുകൾക്ക് സമീപത്തായി സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും യാത്ര സുരക്ഷിതമാക്കാൻ കൈവരികൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ചു നടപ്പാത ഒരുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിൽ നടപ്പാതകളിൽ വിട്ടുവീഴ്ച പാടില്ലെന്നും, ഇത് പൗരന്മാരുടെ അവകാശമാണെന്നും നേരത്തെ തന്നെ സുപ്രീംകോടതി പോലും വ്യക്തമാക്കിയതാണ്. എന്നാൽ നിർമ്മാണ കമ്പനി അധികൃതർ ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിലവിൽ സർവീസ് റോഡുകൾക്ക് സമീപത്ത് ഓവുചാല്‍ കഴിഞ്ഞുള്ള സ്ഥലങ്ങളിൽ ജില്ലയുടെ പലഭാഗങ്ങളിലും നിർമ്മാണത്തിലെ കല്ലും, മണ്ണും ഉൾപ്പെടെയുള്ള മാലിന്യങ്ങളും, വൈദ്യുതി പോസ്റ്റുകളും വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യാനും, വൈദ്യുതി പോസ്റ്റുകൾ ഒതുക്കി സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. ടാങ്കറുകൾ അടക്കമുള്ള വലിയ വാഹനങ്ങളാണ് സർവീസ് റോഡിലൂടെ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. സ്കൂളുകൾ കൂടി തുറക്കുന്നതോടെ വിദ്യാർഥികൾക്ക് ഇത് ഏറെ ദുരിതമാവും.
ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞവർഷം നടപ്പാതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് കാണിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അതോറിറ്റിക്ക് കർശന നിർദേശം നൽകിയിരുന്നു. സർവീസ് റോഡുകളിൽ കാൽനടയാത്രക്കാരുടെ മേൽ വാഹനമിടിച്ച് അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും, സുപ്രീംകോടതി ഇടപെടലിനെ തുടർന്നുമായിരുന്നു കർശന നിർദേശം വന്നത്. ഒരു വർഷമായിട്ടും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. നടപ്പാത അടിയന്തിരമായി നിർമിക്കണമെന്നും, അല്ലാത്തപക്ഷം കുമ്പള യുഎൽസിസി ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.