Demand | ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ മെമു മഞ്ചേശ്വരം വരെ നീട്ടണമെന്ന ആവശ്യം ശക്തം; നിവേദനവുമായി പാസൻജേഴ്സ് അസോസിയേഷൻ
● വൈകുന്നേരങ്ങളിൽ വളരെ കുറച്ച് ട്രെയിനുകളേ ഉള്ളൂ
● യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
● മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്
കുമ്പള: (KasargodVartha) ഉത്തരമലബാറിലെ യാത്രാദുരിതങ്ങൾക്ക് ആശ്വാസം പകരാൻ ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ മെമു ട്രെയിൻ മഞ്ചേശ്വരം വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. മലബാറിൻ്റെ വാണിജ്യ സിരാകേന്ദ്രമായ കോഴിക്കോട്ടേക്ക് രാവിലെ പോയി വൈകുന്നേരം തിരിച്ചു വരുന്ന നൂറുക്കണക്കിനാളുകൾ അത്യുത്തര മലബാറിലുണ്ട്. എന്നാൽ വൈകീട്ട് അഞ്ചു മണിക്ക് ശേഷം സാധാരണ യാത്രക്കാർക്ക് കണ്ണൂരിന് വടക്കോട്ട് അവിടെ നിന്നും വണ്ടിയില്ലാത്തത് ഏറെ ദുരിതമാവുന്നു.
5.15 ൻ്റെ മംഗള എക്സ്പ്രസിലും, 6.05 ൻ്റെ നേത്രാവതിയിലും ഓരോ ജനറൽ കംപാർട്മെൻ്റ് മാത്രമേ ഇപ്പോൾ നിലവിലുള്ളൂ എന്നതിനാൽ യാത്രക്കാർക്ക് കാലു കുത്താൻ പോലും ഇടം കിട്ടാത്ത അവസ്ഥയാനുള്ളത്. നിരവധി യാത്രക്കാരാണ് വൈകുന്നേരങ്ങളിൽ കോഴിക്കോട് സ്റ്റേഷനിൽ ഇത് മൂലം യാത്ര ദുരിതമനുഭവിക്കുന്നത്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇതിനൊരു അറുതി വരുത്താൻ പുതിയൊരു ട്രെയിൻ അനുവദിച്ചു കിട്ടിയത്. ഷൊർണൂരിൽ നിന്ന് ഉച്ച തിരിഞ്ഞ് മണിക്ക് പുറപ്പെടുന്ന 06031 സ്പെഷൽ വണ്ടി കോഴിക്കോട് അഞ്ചരക്ക് എത്തുന്നത് വലിയ ആശ്വാസമായി. പക്ഷെ കണ്ണൂരിന് വടക്കുള്ളവർ ഇപ്പോഴും യാത്രാ ദുരിതവും പേറി നിൽക്കുന്നുവെന്നുള്ളതാണ് വസ്തുത. തെക്ക് നിന്ന് വന്ന് കണ്ണൂരിൽ അവസാനിക്കുന്ന ഒമ്പതാമത്തെ ട്രെയിനാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയ സ്പെഷ്യൽ മെമു ട്രെയിൻ.
ഹ്രസ്വദൂര യാത്രക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കണ്ണൂർ- മംഗ്ളുറു റൂട്ടിൽ ഒറ്റ പാസൻജർ വണ്ടിയേ ഓടുന്നുള്ളൂ. പേരിനു പോലും ഒരു മെമു വണ്ടിയോ, ജന ശതാബ്ദിയോ ഓടാത്ത ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ ഏക റെയിൽ മേഖല കണ്ണൂരിനും മംഗ്‌ളൂരിനും ഇടയിലാണ്. ഈ പ്രദേശത്തുകാരുടെ യാത്ര ദുരിതത്തിന് പരിഹാരമായി കൂടുതൽ ഹ്രസ്വദൂര വണ്ടികൾ വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്.
പുതുതായി ആരംഭിച്ച 06031 ഷൊർണൂർ- കണ്ണൂർ വണ്ടി പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കോട്ടിക്കുളം, കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നിങ്ങനെ സ്‌റ്റോപ്പുകളുമായി യാത്ര നീട്ടിയാൽ രാത്രി 8.50ന് മഞ്ചേശ്വരം എത്തി, അന്ന് രാത്രി തന്നെ 9.20ന് തിരിച്ചു പതിനൊന്നു മണിയോടെ കണ്ണൂരിൽ മടങ്ങിയെത്താൻ സാധിക്കുമെന്ന് കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് നിസാർ പെറുവാഡ് പറയുന്നു.
മൂന്ന് പ്ലാറ്റ്ഫോം ഉള്ള മഞ്ചേശ്വരത്ത് ഇതിനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ട്. മെമു ട്രെയിനായത് കൊണ്ട് എൻജിൻ തിരിച്ചു വയ്ക്കേണ്ട ആവശ്യവും വരുന്നില്ല. വൈകീട്ട് 6.10 ൻ്റെ മലബാർ എക്‌സ്പ്രസ് കഴിഞ്ഞാൽ പിന്നെ തെക്കോട്ടേക്ക് അഞ്ചര മണിക്കൂർ കഴിഞ്ഞ് 11.45 നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് വേണ്ടിയുള്ള കാത്തിരിപ്പിനും വിരാമമാകുകയും ചെയ്യും. ഇക്കാര്യം നടത്തിക്കിട്ടാൻ റെയിൽവേ മന്ത്രിക്കും കാസർകോട് എംപി, ജില്ലയിലെ എംഎൽഎമാർ എന്നിവർക്കും കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് നിസാർ പെറുവാഡ് നിവേദനം നൽകി.
റെയിൽവേ അധികൃതർ ഈ ആവശ്യത്തെ ഗൗരവമായി പരിഗണിച്ച്, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ മെമു ട്രെയിൻ മഞ്ചേശ്വരം വരെ നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. ഇത് ഉത്തര മലബാർ ജനതയുടെ ദുരിതങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമാവുകയും ചെയ്യും. കണ്ണൂരിന് ഇപ്പുറവും കേരളമുണ്ടെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് കാസർകോടൻ ജനത.
#ShoranurKannurMEMU #Manjeshwar #KeralaRailways #PassengerDemand #ExtendTrainService