Health | 'കാസർകോടിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ'; ഓരോ മരണത്തിനും ഉത്തരവാദി ഇവിടത്തെ ഭരണകൂടമെന്ന് എ കെ പ്രകാശ്
* 'കാസർകോട് മെഡികൽ കോളജിൻ്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്'
കാസർകോട്: (KasargodVartha) ജില്ല രൂപീകൃതമായി 40 വർഷമായെങ്കിലും ആരോഗ്യരംഗത്ത് കാസർകോട് ഇന്നും വളരെ പിന്നാക്കം നിൽക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകൻ എ കെ പ്രകാശ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തന്റെ അമ്മ മണിക്കൂറുകൾക്ക് മുമ്പാണ് മരണപ്പെട്ടത്. ഇവിടത്തെ ഭരണകൂടവും അധികൃതരുമൊക്കെ മരണത്തിന് ഉത്തരവാദികളാണ്.
ഇത് തന്റെ അമ്മയുടെ മാത്രം പ്രശ്‌നമല്ല. ഗുരുതരമായൊരു രോഗം വന്നാൽ ഇവിടെ ചികിത്സിക്കാൻ സംവിധാനങ്ങളില്ല. അടിയന്തിര ചികിത്സാ സൗകര്യത്തിൻ്റെ അഭാവം മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും കാസർകോടിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനുകൾക്ക് ഉത്തരവാദി നാളിതുവരെ ജില്ലയിൽ നിന്ന് ജയിച്ചുപോയ എംഎൽഎ, എംപി തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ ഭരണാധികാരികളും, ഇവിടെ ഭരിക്കുന്ന സർകാരും ആണ്. ജില്ലയ്ക്ക് ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ ഇവരും മുഖ്യധാര രാഷ്ട്രീയ പാർടികളും പരാജയപ്പെട്ടു .
ഏറെ പ്രതീക്ഷയോടെ ജനം കണ്ട കാസർകോട് മെഡികൽ കോളജിൻ്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെയും ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പിൻ്റെയും അനാസ്ഥക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ ഒരു മാറ്റവും ഇവിടെ ഉണ്ടാവാൻ പോകുന്നില്ല. ഈ സാഹചര്യത്തിൽ കാസർകോടിന്റെ ആരോഗ്യ രംഗത്തിന്റെ ദയനീയാവസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എ കെ പ്രകാശ് കൂട്ടിച്ചേർത്തു.