Industry | കാസർകോട്ട് 5 വ്യവസായ പദ്ധതികൾ ആരംഭിക്കാൻ തീരുമാനം
നിക്ഷേപക സംഗമം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ
കാസർകോട്: (KasargodVartha) റബർ, ഫുഡ്, ഫർണിച്ചർ, സർജിക്കൽ ഇംപ്ലാൻ്റ്സ് എന്നീ മേഖലകളിൽ പുതുതായി നാല് വ്യവസായ എസ്റ്റേറ്റുകളും ടൂറിസം മേഖലയിൽ ഒന്നുമടക്കം ജില്ലയിൽ അഞ്ച് വ്യവസായ പദ്ധതികൾ ആരംഭിക്കാൻ തീരുമാനമായി. ബിൽഡപ്പ് കാസർകോട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സുൾഫെക്സ് ഇന്ത്യ പ്രെെവറ്റ് ലിമിറ്റഡ്, കോഫ്പ് ടെക് പാർക്ക് എൽഎൽപി, കാസർകോട് ഫർണിച്ചർ പാർക്ക് എൽഎൽപി, എബോൺ സർജിക്കൽസ് പ്രെെവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇത് സംബന്ധമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ നിക്ഷേപക സംഗമം 'ഇൻവെസ്റ്റേർസ് സമ്മിറ്റ്' എന്ന പേരിൽ നടത്താൻ യോഗം തീരുമാനിച്ചു.
എൽഎൽപി ടാൽറോപ് ടെക്കീസ് പാർക്കിൽ നടന്ന സംഘാടക സമിതി യോഗം വ്യവസായിയും സുൾഫെക്സ് മാട്രസ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.ടി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. അലി നെട്ടാർ, മുഹമ്മദലി റെഡ് വുഡ്, ഐശ്വര്യ കുമാരൻ, ഡോ. ഷെയ്ക് ബാവ, പ്രദീപ്കുമാർ ഒമേഗ, അനൂപ് കളനാട്, ഫാറൂഖ് മെട്രോ, സെയ്ഫുദ്ദീൻ കളനാട്, അബ്ദുൽ ഖാദർ, നസീർ, സുലൈഖ മാഹിൻ എന്നിവർ സംസാരിച്ചു.