city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് ദിവസത്തിനിടെ മൂന്ന് യുവാക്കളുടെ ആകസ്മിക മരണം; ഞെട്ടല്‍ മാറാതെ ഉദുമ

ഉദുമ: (www.kasargodvartha.com 13/05/2015) രണ്ട് ദിവസത്തിനിടെയുണ്ടായ മൂന്ന് യുവാക്കളുടെ അസ്വാഭാവിക മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉദുമയും പരിസര പ്രദേശങ്ങളും. അവധിക്ക് നാട്ടിലെത്തിയ യുവാവ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന വാര്‍ത്തയാണ് തിങ്കളാഴ്ച അര്‍ധരാത്രയോടെ ഉദുമയിലെ ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടിവന്നത്. ഉദുമ പടിഞ്ഞാറിലെ പരേതനായ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകന്‍ പി.എം. അബ്ദുല്ല എന്ന അത്ത (33) ആണ് മരിച്ചത്.

ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധികഴിഞ്ഞ് വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച മരണം നാട്ടില്‍ ഞെട്ടലുളവാക്കിയിരുന്നു. ഗള്‍ഫില്‍ ഒപ്പം താമസിക്കുന്നവരെ വിളിച്ച് താന്‍ വെള്ളിയാഴ്ച അങ്ങോട്ട് വരുന്നുണ്ടെന്നും എന്തെങ്കിലും ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുവരാനുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം ഗള്‍ഫിലെ സുഹൃത്തുക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത് അബ്ദുല്ലയുടെ മരണ വാര്‍ത്തയായിരുന്നു.

ബന്ധുവായ അബ്ദുല്ലയുടെ മരണവിവരമറിഞ്ഞ് ഉദുമ പടിഞ്ഞാറിലെ വീട്ടിലേക്ക് സഹോദരനോടൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു പള്ളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബൂബക്കര്‍ - ദൈനബി ദമ്പതികളുടെ മകന്‍ ഷാഹുല്‍ ഹമീദ് (32) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ആറാട്ടുകടവില്‍ വെച്ചാണ് സഹോദരന്‍ ബാദുഷ (26) യ്‌ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഹമീദ് അക്രമിക്കപ്പെട്ടത്. ബാദുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് ഉദുമ പടിഞ്ഞാര്‍ തെക്കേക്കര കണ്ണംകുളം ഹൗസിലെ ഷാനിഫ് എന്ന 20 കാരന്‍ ബംഗളൂരുവിലുണ്ടായ കാറപകടത്തില്‍ മരിച്ച വിവരവും നാട്ടിലറിഞ്ഞത്. ചട്ടഞ്ചാല്‍ എം.ഐ.സി കോളജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കി ഉന്നത പഠനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ഷാനിഫും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ബുധനാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന തളങ്കരയിലെ അബ്ദുല്ലയുടെ മകന്‍ ജംഷീദ് (21), മൊഗ്രാല്‍ മൊയ്തീന്‍ പള്ളിക്ക് സമീപത്തെ അബദുര്‍ റഹ് മാന്റെ മകന്‍ നിസാര്‍ (21) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ജേഷ്ഠന്റെ മരണ വിവരമറിയാതെ ഇരട്ടകളായ നൗഷാദും റാഷിദും ബുധനാഴ്ച രാവിലെ ബംഗളൂരുവില്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഷാനിഫ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ വിവരം അറിഞ്ഞ ഇരുവര്‍ക്കും അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഏറെ വൈകിയാണ് ഷാനിഫിന്റെ മരണ വിവരം വീട്ടുകാരെ അറിയിച്ചത്. സൗമ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ ഷാനിഫിന്റെ ആകസ്മിക മരണവിവരമറിഞ്ഞ് നിരവധി പേരാണ് തെക്കേക്കരയിലെ വീട്ടിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിവരെ വരെ ഷാനിഫ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. 2.45നായിരുന്നു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഷാനിഫിന്റെ അവസാന പോസ്റ്റ്. തങ്ങള്‍ ബംഗളൂരുവിന് അടുത്തെത്തി എന്ന് സൂചിപ്പിക്കുന്ന മാപ്പായിരുന്നു ഷാനിഫ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

നാട്ടിലെ ക്ലബ്ബ് പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്ന ഷാനിഫ് മികച്ച ഫുട്‌ബോള്‍ പ്ലെയര്‍ കൂടിയായിരുന്നു. വീട്ടിനടുത്ത് തന്നെയുള്ള അംബിക സ്‌കൂള്‍ ഗ്രൗണ്ടിലും, പള്ളിക്കണ്ടത്തിലുമായിരുന്നു ഷാനിഫ് ഫുട്‌ബോള്‍ പരിശീലനത്തിലേര്‍പ്പെട്ടു വന്നിരുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുമായി ഏറ്റവും നല്ലബന്ധമാണ് ഷാനിഫിനുണ്ടായിരുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

രണ്ട് ദിവസത്തിനിടെ മൂന്ന് യുവാക്കളുടെ ആകസ്മിക മരണം; ഞെട്ടല്‍ മാറാതെ ഉദുമ

Related News: 

വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു


Keywords : Udma, Accident, Death, Youth, Kasaragod, Kerala, Murder, Shanif, Shahul Hameed, Abdulla, Bangalore, Dubai, Youth. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia