city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demand | അബ്ദുൽ സത്താറിന്റെ മരണം: സ്ഥലം മാറ്റമല്ല വേണ്ടത്, പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ

Death of Abdul Sathar: Call for Strong Action Against Police Officer
Photo: Arranged

● കാസർകോട് ടൗൺ സ്റ്റേഷനിലെ എസ്ഐയാണ് ആരോപണ വിധേയനായത്. 
● ഓടോറിക്ഷ കസ്റ്റഡിയിൽ വച്ചതിനെ തുടർന്നാണ് സംഭവം.
● കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം.

കാസർകോട്: (KasargodVartha) നിസാര പ്രശ്‌നത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകൊടുക്കാത്തതിൽ മനോവിഷമത്തിലായിരുന്നതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഗരത്തിലെ ഓടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിൽ കാസർകോട് ടൗൺ സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പി അനൂബിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും കൂടുതൽ കർശന നടപടിയാണ് ഇവർ ആവശ്യപ്പെടുന്നത്.

Death of Abdul Sathar: Call for Strong Action Against Police Officer

നാല് ദിവസം മുമ്പ് കാസർകോട് നഗരത്തിലുണ്ടായ ട്രാഫിക് കുരുക്കിൽ തന്റെ ഓടോറിക്ഷ കുടുങ്ങി എന്നും കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി അനൂബ് ഓടോറിക്ഷയുടെ താക്കോൽ ഊരി കൊണ്ടുപോയെന്നും പിന്നീട് പലതവണ സ്റ്റേഷനിൽ ചെന്നപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതല്ലാതെ ഓടോറിക്ഷ വിട്ടു തന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് ഫേസ്ബുകിലെ വീഡിയോയിൽ അബ്ദുൽ സത്താർ പറഞ്ഞിരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സത്താറിനോട് പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയത് കടുത്ത മനുഷ്യത്വരഹിതമായ സമീപനമാണെന്നും ഇത്തരം ഉദ്യോഗസ്ഥർ കേരളത്തിലെ പൊലീസ് സംവിധാനത്തിന് അപമാനമാണെന്നും സംഭവത്തിൽ പ്രതികരിച്ച വിവിധ സംഘടനകൾ, ഓടോറിക്ഷ തൊഴിലാളി സംഘടനകൾ ആരോപിച്ചു. സത്താറിന്റെ മരണത്തിനു ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് തങ്ങൾ നേതൃത്വം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി

60 വയസായിട്ടും ജീവിക്കാനായി ഓടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.


എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്യണമെന്ന് സിപിഎം

നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുൽ സത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ എസ്‌ഐ പി അനൂബിനെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ സിപിഎം കാസർകോട്‌ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന്‌ എസ്‌ഐ അവകാശപ്പെടുന്ന സമയം സംഭവസ്ഥലത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ്‌ കൃഷ്‌ണനെ സർവീസിൽനിന്ന്‌ പിരിച്ചുവിടണം. അന്നന്നത്തെ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചുവന്ന ഡ്രൈവറെ നിസാര കാരണത്തിന്റെ പേരിൽ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട പൊലീസ്‌ ഓഫീസറുടെ നടപടി മനുഷ്യ മനസാക്ഷിക്ക്‌ നിരക്കാത്തതാണ്‌. 

ഇദ്ദേഹത്തെ സസ്‌പെൻഡ്‌ ചെയ്യുന്നതിനൊപ്പം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത്‌ വകുപ്പുതല നടപടിയെടുക്കണം. ജനകീയ പൊലീസ് നയവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്‌ പേരുദോഷമുണ്ടാക്കുന്ന പ്രവൃത്തിയാണ്‌ എസ്‌ഐ അനൂബിൽനിന്നുമുണ്ടായത്‌. വകുപ്പുതല നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാതെ അടിയന്തരമായും സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണം. ചലാൻ അടച്ച്‌ തീർക്കാവുന്ന കേസാണ്‌ എസ്‌ഐയുടെ തന്നിഷ്ടം സംരക്ഷിക്കാനായി അബ്ദുൾസത്താറിന്റെ ജീവൻ നഷ്ടപ്പെടുത്തുന്നതിലേക്ക്‌ നയിച്ചത്‌. 

ചെറിയ പിഴ ചുമത്തി വിടാവുന്ന കേസുകളായാലും ദിവസങ്ങളോളം വാഹനങ്ങൾ കസ്റ്റഡിയിൽ വച്ച്‌ കടുത്ത മാനസിക പീഡനത്തിന്‌ ഇരയാക്കുകയാണ്‌. അബ്ദുൾസത്താറും ഇത്തരം മാനസിക പീഡനത്തിന്റെ ഇരയാണ്‌. ഇദ്ദേഹം ജീവനൊടുക്കുന്നതിന്‌ പ്രധാന കാരണക്കാരനായ എസ്‌ഐ സർവീസിൽ തുടരുന്നത്‌ കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നിരിക്കെ അടിയന്തരമായി സസ്‌പെൻഡ്‌ ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന്‌ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിഐടിയു

അബ്ദുൽ സത്താറിൻ്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സർക്കാറിൻ്റെ ജനകീയ പോലിസ് നയത്തിന് വിപരീതമായി പോലിസ് സേനക്കാകെ കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്ക് എതിരെ പലതവണയായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

മോട്ടോർ വാഹന വകുപ്പിലേയും പോലീസിലേയും ചിലരുടെ ധിക്കാരപരമായ നിലപാട് പാവപ്പെട്ട തൊഴിലാളികൾ ഏറെ പ്രയാസ ത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തി വിടാവുന്ന നിയമങ്ങൾ നിലനിൽക്കേ വാഹനങ്ങൾ പിടിച്ച് ദിവസങ്ങളോളം കസ്റ്റഡിയിൽ വെക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. 

ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന തൊഴിലാളിയുടെ ജീവൻ അപഹരിക്കുന്ന സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം നൽകി കുടുബത്തെ സംരക്ഷിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കത്ത പക്ഷം ശക്തമായ സമരത്തിന് സി.ഐ ടി. യു നേതൃത്വം കൊടുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

സി.എച്ച്. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.വി.വിനോദ്, കെ.ടി. ലോഹിതാക്ഷൻ, എ.ആർ. ധന്യവാദ്, ഒ.വി. രവീന്ദ്രൻ, യു.കെ. പവിത്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ഉണ്ണി നായർ യോഗം ഉദ്ഘാടനം ചെയ്തു.

മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ

പൊലീസ് സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുകയും ഓട്ടോറിക്ഷ ഡ്രൈവറെ മരണത്തിലേക്കെത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുത്ത് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാനും കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തയ്യാറാവണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കാസർകോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷസമരത്തിന് യൂനിയൻ നേതൃത്വം നൽകുമെന്ന് ഏരിയ പ്രസിഡണ്ട് എ ആർ ധന്യവാദ്, സെക്രട്ടറി പി കുഞ്ഞിരാമൻ എന്നിവർ അറിയിച്ചു

കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഓട്ടോ തൊഴിലാളി അബ്ദുൽ സത്താർ കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ചു വരികയായിരുന്നു. വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തു എന്ന കാരണത്താൽ സ്ഥലം സബ് ഇൻസ്പെപെക്ടർ അപമര്യാദയോടെ പെരുമാറുകയും, വണ്ടി പിടിച്ചെടുക്കുകയുമാണുണ്ടായത്. പിഴ ചുമത്തി ഒഴിവാക്കേണ്ട കാര്യത്തിൽ വാഹനം പിടിച്ചെടുത്ത് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. 

പൊലീസ് ചീഫിനെയും, ഡി വൈ എസ്പിയെയും സ്റ്റേഷൻ ഹൗസ് ഓഫീസറെയും ബന്ധപ്പെടുകയും അതിൻ്റെ ഭാഗമായി വണ്ടി വിട്ടുകൊടുക്കാൻ നിർദ്ദേശം ലഭിച്ചിട്ടും സബ് ഇൻസ്പെക്ടർ തയ്യാറാവാതെ വന്ന മനോവിഷമത്തിലാണ് തൊഴിലാളി മുഖപ്രസ്തകത്തിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തത്. 
കേരള സർക്കാറിൻ്റെ ജനകീയ പോലീസ് നയത്തിന് വിരുദ്ധമായി ഇത്തരം പ്രവണതകൾ മോട്ടോർ വാഹന വകുപ്പിൻ്റെയും, പോലീസ് വിഭാഗത്തിൻ്റെയും ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇതിനെതിരെ സിഐടിയു കൃത്യമായി പലപ്പോഴായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതാണെന്നും ഭാരവാഹികൾ പറഞ്ഞു.

പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് എസ് ടി യു 

അബ്ദുൽ സത്താറിൻ്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് മോട്ടോർ ആന്റ് എഞ്ചിനിയറിംഗ് വർക്കേർസ് യൂണിയൻ (എസ് ടി യു ) കാസർകോട് മുൻസിപ്പൽ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള സർക്കാർ ഇത്തരം ക്രിമിനൽ പൊലീസുകാർക്ക് പ്രോൽസാഹനം നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

മോട്ടോർ വാഹന വകുപ്പിലേയും പോലീസിലേയും ചിലരുടെ ധിക്കാരപരമായ നിലപാടിൽ പാവപ്പെട്ട തൊഴിലാളികൾ ഏറെ പ്രയാസത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തി വിടാവുന്ന നിയമങ്ങൾ നിലനിൽക്കേ വാഹനങ്ങൾ പിടിച്ച് ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ച് ഭീഷണിപ്പെടുത്തുകയാണ്  ചെയ്യുന്നത്. ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന തൊഴിലാളിയുടെ ജീവൻ അപഹരിക്കുന്ന സാഹചര്യം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്  നഷ്ടപരിഹാരം ഈടാക്കി കുടുബത്തെ സംരക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

എസ് ടി യു ജില്ലാ സെക്രട്ടറി സുബൈർ മാര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖലീൽ പടിഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മദനി ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു. അഷറഫ് മുതലപ്പാറ, മൊയ്നുദ്ദീൻ ചെമ്മനാട്, മജീദ് കൊമ്പനടുക്കം, സുബൈർ യു എ, ഷാഫി കൊല്ല്യ, സിദ്ദീഖ് ആലങ്കോൾ, മുഹമ്മദ് കൊല്ലമ്പാടി, നിസാർ കടവത്ത്, പ്രസാദ് നെല്ലിക്കട്ട, ഹാരിസ് കിന്നിംഗാർ എന്നിവർ സംസാരിച്ചു.

സിഐടിയു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കാസർകോട്: നഗരത്തിലെ ഓട്ടോ തൊഴിലാളി കുദ്രോളി അബ്ദുൽ സത്താറിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച എസ് ഐ അനൂപിനെ സസ്പെൻ്റ് ചെയ്യണമെന്നും ഹോം ഗാർഡ് കൃഷ്ണനെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു കാസർകോട് ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ആർ. ധന്യവാദ് ഉദ്ഘാടനം ചെയ്തു.  ഷാഫി എ ചാലക്കുന്ന്  അധ്യക്ഷം വഹിച്ചു. എൻ രാമൻ സംസാരിച്ചു. ഉദയകുമാർ, ആദം ഉപ്പള , കെ. കെ. രവിന്ദ്രൻ പ്രകടനത്തിന് നേതൃത്വം നൽകി.

death of abdul sathar call for strong action against police

എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് എംഎൽഎമാർ

കാസർകോട്: ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിന് കാരണക്കാരനായ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി അനൂബിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സമഗ്രമായ അന്വേഷണമാണ് അനിവാര്യമെന്ന് എംഎൽഎമാരായ എൻ.എ നെല്ലിക്കുന്നും എ.കെ.എം അഷ്‌റഫും പറഞ്ഞു.

തന്റെ ജീവനോപാധിയായ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം മാനസികമായി പീഢിപ്പിച്ച കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനൂബിന്റെ ക്രൂരനിലപാടിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുൽ സത്താറിന്റെ ജീവന് വില കൽപ്പിക്കണമെന്നും ഈ ദാരുണ സംഭവത്തിനുത്തരവാദികളായവർക്കെതിരെ നടപടികളെടുക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.

60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് സബ് ഇൻസ്‌പെക്ടറുടെ ക്രൂരതയും മനുഷ്യത്വമില്ലായ്മയും കൊണ്ടാണ്. ജില്ലയിലെ മറ്റൊരു സ്റ്റേഷനിലേക്ക് എസ്.ഐയെ സ്ഥലം മാറ്റി ഈ അത്യപൂർവ്വമായ കേസിന്റെ ഗൗരവം ലഘൂകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ എം.എൽ.എമാർ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനെ നേരിൽ കണ്ട് എം.എൽ.എമാർ പരാതി നൽകിയിട്ടുണ്ട്.

അബ്ദുൽ സത്താറിന്റെ മരണം: പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: പൊലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്നു ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

വാഹനങ്ങൾ പരിശോധിക്കുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സംസ്ഥാനത്ത് നിയമങ്ങളുണ്ട്.നിയമങ്ങളെ കാറ്റിൽ പറത്തിയാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത്.പോലീസ് പിടികൂടിയ ഓട്ടോറിക്ഷ വിട്ട് കിട്ടാൻ ദിവസങ്ങളോളം അബ്ദുൽ സത്താർ കാസർകോട്പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും കയറി ഇറങ്ങിയെങ്കിലും പോലീസുദ്യോഗസ്ഥരുടെ ആട്ടും തുപ്പും കേട്ട് മാനസികമായി തളർന്ന അബ്ദുൽ സത്താർ ജീവനൊടുക്കുകയായിരുന്നു. 

സത്താറിൻ്റെ മരണത്തിന് കാരണക്കാർ പോലീസുകാരാണ്. ടൗൺ സ്റ്റേഷനിലേയും, ഉന്നത ഉദ്യോഗസ്ഥമാരുടെ ഓഫീസുകളിലെ സി.സിക്യാമറകൾ പരിശോധിച്ചാൽ അബ്ദുൽ സത്താർ കയറി ഇറങ്ങിയ ദൃശ്യങ്ങൾ കാണാൻ സാധിക്കും.ജനങ്ങളുടെ മേൽ കുതിര കയറാൻ
ഇടത് സർക്കാർ പോലീസിനെ കയറഴിച്ചു വിട്ടിരിക്കുന്നു. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസിൻ്റെ പ്രവർത്തനങ്ങൾ നഗരങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്നതും വാഹനങ്ങൾ പരിശോധിക്കുന്നതും.

വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും നിയമപരമായി യാതൊരു അധികാരവുമില്ലാത്ത എ.ആർ.പോലീസും, കെ.എ.പി.ക്കാരും ഹോം ഗാർഡുകളുമാണ്. അവരുടെ വാക്കുകളും പ്രവർത്തികളും വേദവാക്യങ്ങളായി ഉന്നത ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇത് കാട്ടുനീതിയും നിയമലംഘനവുമാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനങ്ങളുടെ ജീവൻ അപഹരിക്കുന്നവരായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല. അറിയപ്പെടുന്ന സി.പി.എം പ്രവർത്തകനായ അബ്ദുൽ സത്താർ പോലീസ് അന്യായമായി ഓട്ടോറിക്ഷ പിടിച്ചു വെച്ചതിനെ തുടർന്നു കുടുംബം ദിവസങ്ങളോളം പട്ടിണിയിലായ സാഹചര്യത്തിൽ ജീവനൊടുക്കിയിട്ടും സി.പി.എം നേതൃത്വം മൗനം പാലിക്കുന്നതിൽ ദൂരൂഹതയുണ്ട്. 

ജീവനൊടുക്കാൻ പോകുന്ന സമയത്ത് അബ്ദുൽ സത്താർ സോഷ്യൽ മീഡിയകളിൽ നല്കിയ വീഡിയോ സന്ദേശത്തിൽ ധീര സഖാക്കൾക്ക് ലാൽ സലാം പറഞ്ഞ് കൊണ്ടാണ് മരണത്തിലേക്ക് പോയതെന്ന സംഭവം പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അബ്ദുൽ സത്താറിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിൽ മുന്നിൽ കൊണ്ട് വരാൻ പോലീസ് തയ്യാറ വണമെന്നും അല്ലാത്തപക്ഷം മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.

അബ്ദുൽ സത്താറിൻ്റെ മരണം: മുസ്ലിം യൂത്ത് ലീഗിന്റെ ബ്ലാക്ക് മാർച്ച് വെള്ളിയാഴ്ച 

കാസർകോട്: പൊലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ സത്താറിൻ്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വോഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച 3 മണിക്ക് പുലിക്കുന്നിൽ നിന്ന് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് ബ്ലാക്ക് മാർച്ച് സംഘടിപ്പിക്കും.

death of abdul sathar call for strong action against police

മാർച്ച് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ ഉൽഘാടനം ചെയ്യും. മുസ്ലിം ലീഗിൻ്റെയും യൂത്ത് ലീഗിൻ്റെയും നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്യും. പോലീസിൻ്റെ മനുഷ്യവകാശ ലംഘനത്തിനെതിരെ മുഴുവൻ ജനങ്ങളും മാർച്ചിൽ അണിനിരക്കണമെന്ന്  മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് അഭ്യർത്ഥിച്ചു.

കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ 

വയോധികനായ ഓട്ടോ ഡ്രൈവറെ നടുറോട്ടിലിട്ട് സിനിമ കഥയെ ഓർമ്മിപ്പിക്കുമാറ് പീഡിപ്പിക്കുകയും പിന്നീട് നിരന്തരം പൊലീസിന്റെ പീഡനം മൂലം ജീവനെടുക്കുന്നതിലേക്ക് തള്ളിയിടുകയും ചെയ്ത വിഷയത്തിൽ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നാട്ടിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് പൊലീസ് ഓട്ടോ ഡ്രൈവറോട് കാണിച്ച നടപടികൾ, വാഹന ഡ്രൈവർമാർ കുറ്റം ചെയ്താൽ ഫൈൻ അടപ്പിക്കുകയോ ഇല്ലെങ്കിൽ കേസെടുക്കുകയോ ചെയ്യുന്നതിന് പകരം നിരന്തരമായ പീഡനമാണ് ഈ ഒരു സംഭവത്തിലൂടെ പോലീസ് ചെയ്തത്. ഇത് ഒരാളുടെ ജീവൻ അപഹരിക്കുന്നതിലെക്കെത്തിയെന്നത് വളരെ ഗൗരവം ഉള്ളതാണ്. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി കബീർ ബ്ലാർകോട് സ്വാഗതം പറഞ്ഞു. ട്രഷറർ ഷെരീഫ് മല്ലം, ബഷീർ ബിടി, ആഷിഫ് ടി ഐ, മുനീർ എച്ച്, ഷാഫി എരുതുംകടവ്, അഹമ്മദ് ചൗക്കി, എൻ യു അബ്ദുൽ സലാം, സെമീർ അസദ് നഗർ, റഹ്മാൻ മൊഗ്രാൽ, ഫൈസൽ കോളിയടുക്കം, ബഷീർ നെല്ലിക്കുന്ന്, സക്കറിയ മുട്ടത്തോടി, ഹമീദ് ബരിക്കാട്, മനാഫ് സിറാജ് നഗർ, ഖലീൽ കല്ലങ്കൈ, ഇഷാക് അറന്തോട്, ജാബി കുമ്പഡാജ, കരീം ബദിയടുക്ക, അബ്ദുൽ റഹ്മാൻ ബദിയടുക്ക, ഷമീം ബദിയടുക്ക തുടങ്ങിയവർ പങ്കെടുത്തു.

എസ്ഐയുടെ സ്ഥലം മാറ്റം പരിഹാരമല്ലെന്ന് പിഡിപി

ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിന്‌ ഉത്തരവാദിയായ കാസർകോട് എസ് ഐ അനൂബിനെ സസ്‌പെൻഡ് ചെയ്യണമെന്നും സ്ഥലം മാറ്റിയ നടപടി പരിഹാരമല്ലെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എം ബഷീർ അഹ്‌മദ്‌ റസ്‌വി പറഞ്ഞു. പിഡിപി ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തന്റെ മരണത്തിനു ഉത്തരവാദി ആയ ഉദ്യോഗസ്ഥന്റെ ക്രൂരതയെ കുറിച്ച് മരണത്തിനു മുമ്പ് തന്നെ സത്താർ വിവരം നൽകിയിട്ടും കുടുംബത്തിന് നീതി നേടിക്കൊടുക്കാൻ തയ്യാറാകാത്തത് ഖേദകരമാണ്, കുടുംബത്തിന്റെ ഏക ആശ്രയമായ സത്താറിനോട് ഉദ്യോഗസ്ഥർ കാട്ടിയത് കടുത്ത മനുഷ്യത്വ രഹിതമായ സമീപനമാണ്. ഇത്തരം ഉദ്യോഗസ്ഥർ കേരളത്തിലെ പോലീസ് സംവിധാനത്തിന് അപമാനമാണെന്നും നീതി ലഭിക്കും വരെ പിഡിപി സമരത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

ജില്ലാ പ്രസിഡന്റ്‌ യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ്‌ സഖാഫ് തങ്ങൾ, ഷാഫി ഹാജി അഡൂർ, ഉമറുൽ ഫാറൂഖ് തങ്ങൾ, എം എ കളത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആബിദ് മഞ്ഞംപാറ സ്വാഗതവും ജാസി പൊസോട്ട് നന്ദിയും പറഞ്ഞു.

#JusticeForAbdul, #PoliceAccountability, #CommunitySupport, #KeralaNews, #AutoDrivers, #MentalHealthAwareness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia