city-gold-ad-for-blogger

ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ചികില്‍സ വൈകി രോഗി മരിച്ചതായി ആരോപണം; മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/01/2017) രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ചികില്‍സ വൈകി രോഗി മരണപ്പെട്ടെന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരപ്പ ബിരിക്കുളം മാളോലയിലെ സി ജെ ജോണ്‍ (63) ആണ് ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രിയില്‍ മരിച്ചത്.
ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ചികില്‍സ വൈകി രോഗി മരിച്ചതായി ആരോപണം; മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു

കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണിനെ ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ജോണിനെ വാഹനത്തില്‍ കാഞ്ഞങ്ങാട്ടേക്ക്  കൊണ്ടുപോകുമ്പോഴാണ് ഹര്‍ത്താലനുകൂലികള്‍ നാലുതവണകളായി വാഹനം തടഞ്ഞത്. സി പി എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലിനിടെ വളരെ പാടുപെട്ടാണ് വാഹനം സംഘടിപ്പിച്ച് ജോണിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക്  കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയത്.

പരിശോധന നടത്തി ബോധ്യപ്പെടുന്നതിന് നാലിടങ്ങളിലും ഏറെ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു. ആശുപത്രിയിലെത്തിയ ഉടന്‍ ജോണിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നിന്നുള്ള പരിശോധനാറിപ്പോര്‍ട്ട് കാണിച്ചിട്ടുപോലും ഹര്‍ത്താലനുകൂലികള്‍ രോഗിയെ ഏറെ നേരം തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ടുനല്‍കാന്‍ മനുഷ്യാവകാശകമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ജില്ലാകലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

Keywords:  Kanhangad, Kasaragod, case, Human Right Commission, Death in Harthal day: HRC booked

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia