Compalints | മരണക്കെണിയായി ദേശീയപാതയിലെ ഇടുങ്ങിയ സർവീസ് റോഡ്; പരാതികളുടെ കെട്ടഴിച്ചപ്പോൾ സ്ലാബും റോഡും തമ്മിലുള്ള അന്തരം തീർക്കാൻ ടാറിങ് തുടങ്ങി
● റോഡിൽ അപകടങ്ങൾ പതിവായി
● മൊഗ്രാൽ സർവീസ് റോഡിൽ ഒരു വർഷത്തിനിടയിൽ 3 മരണങ്ങൾ
● യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി
കാസർകോട്: (KasargodVartha) ദേശീയപാതയിൽ സർവീസ് റോഡിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും, ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കുമ്പള മുതൽ കാസർകോട് വരെ ഓവുചാലിന്റെ സ്ലാബ് - റോഡ് അന്തരം തീർക്കാനുള്ള ജോലികൾക്ക് തുടക്കമായി. മൊഗ്രാൽ ദേശീയവേദി സംഘം കഴിഞ്ഞയാഴ്ച കുമ്പള ദേവീനഗറിലെ ഓഫീസിലെത്തി റീച്ച് ഡയറക്ടർ അജിത്തിനെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്ലാബും, റോഡും തമ്മിലുള്ള അന്തരം ഏറെ ഉയർന്നുനിൽക്കുന്നതാണ് സർവീസ് റോഡിൽ വാഹനാപകടങ്ങൾക്കും, മരണങ്ങൾക്കും പ്രധാന കാരണമാവുന്നത്. കൊപ്പളം സർവീസിൽ റോഡിൽ മാത്രം ഒരാഴ്ചക്കിടെ രണ്ടു വാഹനാപകടങ്ങളും, ഒരു മരണവും സംഭവിച്ചിരുന്നു. ഇത് നിർമാണ കമ്പനിക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. തുടർന്നാണ് ദേശീയവേദി സംഘം യുഎൽസിസി അധികൃതരെ സമീപിച്ചത്.
സർവീസ് റോഡിലെ അശാസ്ത്രീയമായ നിർമാണ രീതി പുനഃപരിശോധിക്കുകയും, സ്ലാബുകൾക്ക് സമാനമായി സർവീസ് റോഡ് ടാറിങ് ചെയ്തു ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. അനാസ്ഥ തുടരുന്ന പക്ഷം യുഎൽസിസി ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ദേശീയവേദി തീരുമാനിച്ചിരുന്നതുമാണ്.
അപകടങ്ങൾ പതിവായി സംഭവിക്കുന്നതും മരണങ്ങൾ ഉണ്ടാകുന്നതും പ്രദേശവാസികളെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മൊഗ്രാൽ പുത്തൂർ കല്ലങ്കൈ ബള്ളൂർ സ്വദേശിക്ക് ദാരുണാന്ത്യം സംഭവിച്ച അതേ സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ധ്യയോടെ വീണ്ടും വാഹനാപകടമുണ്ടായി. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് നിസാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് കാസർകോട് ഭാഗത്തുനിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ മൊഗ്രാൽപുത്തൂർ കല്ലങ്കൈ ബള്ളൂർ സ്വദേശി ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്രൻ ( 55) മരിച്ചത്.
മൊഗ്രാലിലെ സർവീസ് റോഡിൽ ഒരു വർഷത്തിനിടയിൽ മൂന്ന് മരണങ്ങളും നിരവധി വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇടുങ്ങിയ സർവീസ് റോഡിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് അപകടവും, മരണവും തുടർക്കഥയാവുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരാതികളുടെ കെട്ടഴിച്ചപ്പോഴാണ് സ്ലാബ്-റോഡ് അന്തരം തീർക്കാൻ ടാറിങ് തുടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും സർവീസ് റോഡിലെ പ്രശ്നങ്ങൾക്ക് ഇതുകൊണ്ട് മാത്രം പരിഹാരമാവില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
#mogralroadaccident #keralaaccidents #roadsafety #protests #infrastructure