Pothole | ജീവന് ഭീഷണിയായി കെ എസ് ടി പി റോഡിൽ കളനാട്ട് 'മരണക്കുഴി'; അപകടങ്ങൾ പതിവ്; കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ഉണരാൻ വീണ്ടും മരണം സംഭവിക്കണോ?
● രണ്ട് ദിവസത്തിനുള്ളിൽ മാത്രം മൂന്ന് വലിയ അപകടങ്ങൾ
● അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം
● ഇരുചക്രവാഹനങ്ങളും സ്ഥിരമായി അപകടത്തിൽപ്പെടുന്നു
കളനാട്: (KasargodVartha) കെ എസ് ടി പി റോഡിൽ കളനാട് മസ്ജിദ് സമീപത്തെ റോഡിലെ കുഴി വാഹനയാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ കുഴി മൂലം നിരവധി അപകടങ്ങളും പരുക്കുകളും പതിവായി സംഭവിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം മൂന്ന് വലിയ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യാഴാഴ്ച രാവിലെ കാറും ബൈകും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്കും സാരമായി പരുക്കേറ്റിരുന്നു. ഇരുവരെയും മംഗ്ളൂറിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്.
ഉദുമ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് കളനാട് വരെ സുഗമമായ റോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങളാണ് കുഴിയിൽ പ്രധാനമായും അപകടത്തിൽപ്പെടുന്നത്. കാസർകോടിന്റെയും കളനാടിന്റെയും ഇടയിൽ ചെമനാട് ഭാഗങ്ങളിൽ പാതയിൽ പലയിടത്തും വലിയ കുഴികൾ ഉള്ളതിനാൽ വാഹനങ്ങൾക്ക് വളരെ വേഗത്തിൽ പോവുന്നതിന് പരിമിതികളുണ്ട്. ചന്ദ്രഗിരി പാലത്തിന് മുമ്പുണ്ടായിരുന്ന കുഴികൾ ഇന്റർലോക് പാകി നികത്തിയിട്ടുണ്ടെങ്കിലും അതിന് ശേഷം മേൽപറമ്പ് വരെയടക്കം നിരവധി കുഴികളുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിവെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കളനാട്ട് മറുഭാഗത്തുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനും പരുക്കുകൾക്കും കാരണമാകുന്നതും.
ഇരുചക്രവാഹനങ്ങളും സ്ഥിരമായി അപകടത്തിൽപ്പെടുന്നു. ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണാൽ മറിയുമെന്ന് ഉറപ്പാണ്. വാഹനങ്ങൾ കുഴികണ്ട് പെട്ടെന്നുനിർത്തുമ്പോൾ പിന്നിൽ വാഹനങ്ങൾ വന്നിടിച്ചും അപകടങ്ങൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കെ എസ് ടി പി റോഡിലെ കുഴിയിൽ വീണ് ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് മണിപാലിൽ പഠിച്ചിരുന്ന കണ്ണൂരിലെ ശിവാനി (20) എന്ന വിദ്യാർഥിനി മരിച്ചതിന് പിന്നാലെ അധികൃതർ തിരക്കിട്ട് കളനാട്ടിലെ അടക്കം കുഴികൾ അടക്കാൻ രംഗത്തിറങ്ങിയിരുന്നു.
എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള താത്കാലിക ചെപ്പടിവിദ്യകൾ മാത്രമാണ് നടത്തിയതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. അതിന് ശേഷം ഇവിടെ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഇടയ്ക്കിടെ മണ്ണിട്ട് കുഴി നികത്താൻ ശ്രമിക്കാറുണ്ടെങ്കിലും മഴയിലും, വാഹനങ്ങൾ സ്ഥിരമായി കടന്നുപോകുന്നത് കൊണ്ടും വീണ്ടും കുഴി ഉണ്ടാവുകയായിരുന്നു.
അദാനി ഗ്രൂപ്പ് ഗ്യാസ് പൈപ് ലൈൻ സ്ഥാപിക്കുന്നതിനിടെ റോഡിനടിയിൽ ദ്വാരമുണ്ടാക്കിയപ്പോൾ റോഡ് പെട്ടെന്ന് മുകളിലേക്ക് ഉയർന്ന് ഇവിടെ ടാറിങ് ഇളകിപ്പോയിരുന്നു. കമ്പനി അധികൃതർ ഈ പ്രശ്‌നം പരിഹരിക്കാൻ താൽപര്യം കാണിച്ചില്ല. തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഈ ഭാഗത്ത് കോൺക്രീറ്റ് കൊണ്ടിട്ടിരുന്നു. ക്രമേണ ഇത് ഇളകിയതിനാൽ യാത്രക്കാർക്ക് അപകട ഭീഷണി ഉയർന്നു.
കുഴിയിൽ അപകടങ്ങൾ പതിവാകുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു മരണം സംഭവിച്ചാൽ മാത്രമാണോ പി ഡബ്ള്യു ഡിയും മറ്റും ഉണരുകയുള്ളൂവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. താൽക്കാലിക പരിഹാരങ്ങൾക്കു പകരം സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. റോഡ് പൂർണമായും റീടാറിങ് ചെയ്യുകയാണ് വേണ്ടതെന്നും ചെറിയ താൽക്കാലിക പരിഹാരങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി കുഴി അടക്കാൻ സന്മനസെങ്കിലും കാണിക്കണമെന്ന അപേക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.