Identified | വാടക ക്വാർടേഴ്സിൽ അഴുകിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു
* സയന്റിഫിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി
നീലേശ്വരം: (KasaragodVartha) മടിക്കൈ ചാളക്കടവിലെ വാടക ക്വാർടേഴ്സിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അമ്പലത്തറ ഗുരുപുരം സ്വദേശിനിയും ഗംഗാധരന്റെ ഭാര്യയുമായ കാർത്യായനി (58) യുടെതാണ് മൃതദേഹമെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
കുടുംബ സമേതം ഗുരുപുരം പെട്രോൾ പമ്പിനടുത്ത് താമസിച്ചിരുന്ന ഇവർ ആറ് മാസം മുൻപ് സ്ഥലവും വീടും വിൽപന നടത്തി മക്കൾ വേറെ താമസം പോയതതോടെയാണ് വാടക ക്വാർടേഴ്സിൽ എത്തിയത്.
ഭർത്താവ് മകനൊപ്പമാണ് താമസം.
കാർത്യായനി ഒരാഴ്ച മുൻപ് ക്വാർടേഴ്സ് വാടകക്കെടുത്ത് ചാളക്കടവിൽ താമസം തുടങ്ങുകയായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ചാളക്കടവിലെ കുഞ്ഞബ്ദുല്ലയുടെ ഉടമസ്ഥയിൽ ഉണ്ണിയം വെളിച്ചത്തെ സിബിടി ക്വാർടേഴ്സിനുള്ളിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ദുർഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികൾ നോക്കിയപ്പോൾ കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിലാണ് വീട്ടമ്മയെ തിരിച്ചറിഞ്ഞത്. സയന്റിഫിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മക്കൾ: ഹേമകുമാർ, ഹേമേഷ്.