Dangerous | കാട് മൂടിയ റോഡും ദിശാ ബോർഡുകളുടെ അഭാവവും; വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായി ബോവിക്കാനം എട്ടാംമൈൽ വളവ്; അപകടങ്ങൾ പതിവ്
വളവിലുള്ള കാടുകൾ കൊത്തി ദിശാ ബോർഡുകൾ സ്ഥാപിച്ച് ഇതുവഴിയുള്ള വാഹന യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്
കാസർകോട്: (KasargodVartha) ചെർക്കള-ജൽസൂർ റോഡിലെ ബോവിക്കാനം എട്ടാംമൈൽ വളവ് വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു. കാട് മൂടിയ റോഡും ദിശാ ബോർഡുകളുടെ അഭാവവും കാരണം ഈ വളവിൽ അപകടങ്ങൾ ഏറിവരികയാണ്.
ഈ വളവിൽ വച്ച് തന്നെ ബേവിഞ്ച-ആലൂർ റോഡും ചേരുന്നതിനാൽ അപകട സാധ്യത ഏറെയാണ്. വളവിന്റെ ഇരുവശത്തും കാട് മൂടിക്കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പ്രയാസമാണ്. ഇതുമൂലം പലപ്പോഴും വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്.
മറുവശത്തെ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വഴി ഒരുക്കുന്നതിന് വേണ്ടി നടു റോഡിൽ വാഹനം നിറുത്തേണ്ടതായും വരുന്നു. ഇതു കാരണം ട്രാഫിക് തിരക്കും അനുഭവപ്പെടുന്നു. വളവ് ആയതിനാൽ മിക്ക വാഹനങ്ങളും വരി മാറി വാഹനം ഓടിക്കുന്നു. പ്രശ്‌ന പരിഹാരത്തിന് ഇവിടെ ഡിവൈഡർ സ്ഥാപിക്കണമെന്നാണ് പൊതു പ്രവർത്തകനായ ആലൂർ ടി എ മഹ് മൂദ് ഹാജി പറയുന്നത്.
വളവിലുള്ള കാടുകൾ കൊത്തി ദിശാ ബോർഡുകൾ സ്ഥാപിച്ച് ഇതുവഴിയുള്ള വാഹന യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്. അധികൃതർ ഉടൻ തന്നെ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇവിടെ വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.