Buffalo Attack | അറുക്കാനായി കൊണ്ടുവന്ന പോത്ത് കയർപൊട്ടിച്ചു; കാറും സ്‌കൂടറും വീടിന്റെ ഭാഗങ്ങളും തകർത്ത ശേഷം ഇരുമ്പ് ഗേറ്റ് കുത്തിപ്പൊളിച്ചു
ഒരു മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്
കാസർകോട്: (KasaragodVartha) അറുക്കാനായി കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ചതിനെ തുടർന്ന് നടത്തിയ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചു. അണങ്കൂർ ടിപ്പുനഗറിലെ മരവ്യാപാരിയായ അബ്ദുൽ ഖാദറിന്റെ വീട്ടിലാണ് പോത്ത് പരാക്രമം നടത്തിയത്. ഇദ്ദേഹത്തിന്റെ മകൻ ഹബീബിന്റെ സ്വിഫ്റ്റ് കാറും വീടിന്റെ അടുക്കള ഭാഗത്തോട് ചേർന്ന് നിർത്തിയിട്ട സ്‌കൂടറും കുത്തിപ്പൊളിച്ചു.
കാസർകോട് അണങ്കൂർ ടിപ്പുനഗറിലെ വീട്ടിൽ പോത്ത് നടത്തിയ പരാക്രമം pic.twitter.com/BlmIHMSqfC
— Kasargod Vartha (@KasargodVartha) June 19, 2024
അടുക്കള ഭാഗത്തും ജനൽ ചില്ലിലും കേടുപാടുകൾ വരുത്തി. ഇതിനു ശേഷം വീടിന്റെ ഗേറ്റും തകർത്ത പോത്തിനെ ഒരു മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ തന്നെ കഴുത്തിൽ കുരുക്കിട്ട് കീഴ്‌പ്പെടുത്തുകയായിരുന്നു. വീടിന് സമീപം അറുക്കാനായി കെട്ടിയിട്ട പോത്താണ് കെട്ടുപൊട്ടിച്ചത്.
പോത്ത് മറ്റ് ഭാഗങ്ങളിലേക്കൊന്നും പോകാത്തത് കൊണ്ട് കൂടുതൽ നാശനഷ്ടം ഒഴിവായി. ചന്ദ്രഗിരി പുഴയിൽ ചാടിയ ആൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനാൽ പോത്ത് പരാക്രമം നടത്തുന്ന സ്ഥലത്ത് എത്താൻ ഫയർഫോഴ്സിന് സാധിച്ചിരുന്നില്ല. പിന്നീട് കാഞ്ഞങ്ങാട് നിന്നുവന്ന ഒരു യൂണിറ്റ് സ്ഥലത്ത് എത്തുമ്പോഴേക്കും പോത്തിനെ നാട്ടുകാർ കീഴടക്കിയിരുന്നു.