Criticism | പാര്‍ടി നേതാവിന്റെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതിനെ ചൊല്ലി സിപിഎമിലും പ്രകമ്പനം; അമര്‍ഷവും പ്രതിഷേധവും
* സോഷ്യല്‍ മീഡിയ ഗ്രൂപുകളിലാണ് പലരും പ്രതിഷേധം പങ്കുവെച്ചത്
പെരിയ: (KasargodVartha) കല്യോട്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതിനെ ചൊല്ലി സിപിഎമിലും പ്രകമ്പനം. പ്രദേശത്തെ സമൂഹ മാധ്യമ ഗ്രൂപുകളിലാണ് പലരും പ്രതിഷേധം പങ്കുവെച്ചത്.
വിവാഹ സല്‍ക്കാരത്തില്‍ നേതാക്കള്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ പൊട്ടിത്തെറി ചര്‍ചയാകുമ്പോഴാണ് സിപിഎം ഗ്രൂപുകളില്‍ ഇതേ വിഷയത്തെ ചൊല്ലി അനുഭാവികള്‍ അമര്‍ഷവും പ്രതിഷേധവും ഉയര്‍ത്തുന്നത്. പെരിയയിലും കല്യോട്ടും സിപിഎമിനെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങിലേക്ക് ക്ഷണിച്ച ലോകല്‍ സെക്രടറിക്കെതിരെയാണ് പാര്‍ടിയുടെ സൈബര്‍ ഇടങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയത്.
പെരിയ കല്യോട്ട് ഭാഗങ്ങളിലെ പാര്‍ടി ഓഫീസുകള്‍ അഗ്‌നിക്കിരയാക്കുകയും കൊലക്കേസിന്റെ മറവില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും സിപിഎമിനെ ഉന്മൂലനം ചെയ്യാന്‍ കോപ്പുകൂട്ടുകയും ചെയ്തവരെയാണ് വെള്ളപൂശി ലോകല്‍ സെക്രടറി മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുപ്പിച്ചതെന്നാണ് പ്രധാന വിമര്‍ശനം.
കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുമ്പോള്‍ ഇവരെ കല്യാണത്തിന് ക്ഷണിച്ച നേതാവിനെതിരെ മൗനം പാലിക്കുന്ന നേതൃത്വത്തിനെതിരെയും സിപിഎമിന്റെ സൈബറിടങ്ങളില്‍ രൂക്ഷ വിമര്‍നമുയരുന്നുണ്ട്.
ലോകല്‍ സെക്രടറി മകന്റെ വിവാഹത്തിന് ക്ഷണിച്ച ഇതേ നേതാക്കളാണ് ലോകല്‍ കമിറ്റി ഓഫീസിന് തീവെച്ചതെന്നും നിരവധി സഖാക്കളുടെ വീടുകള്‍ നശിപ്പിച്ചതെന്നും എത്ര സഖാക്കളുടെ വസ്തുവകകളാണ് പെരിയയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അഗ്‌നിക്കിരയാക്കിയതെന്നും സൈബര്‍ ഇടങ്ങളില്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ പോരില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുന്നതും മറ്റൊരു ചര്‍ചയാണ്.