Cracks | ഭൂമിക്ക് വിള്ളൽ: കൊന്നക്കാട് മൂത്താടിയിൽ അധികൃതർ സന്ദർശനം നടത്തി
വെള്ളരിക്കുണ്ട്: (KasaragodVartha) ബളാൽ പഞ്ചായതിലെ കൊന്നക്കാട് മൂത്താടിയിൽ കനത്തമഴയെ തുടർന്ന് ഭൂമിക്ക് ചെറിയ തോതിൽ വിള്ളലുണ്ടായ സ്ഥലങ്ങൾ വെള്ളരിക്കുണ്ട് തഹസിൽദാരുടെ ചുമതല വഹിക്കുന്ന പി വി മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം മാലോത്ത് കസബ സ്‌കൂളിലെ താൽക്കാലിക ദുരിതാശ്വാസ കാംപിൽ കഴിയുന്നവരെയും സന്ദർശിച്ചു.
മഴകൂടുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് അപകടസാധ്യത കാണുന്നുവെന്നും അതിനാൽ നിലവിൽ മാലോത്ത് കസബ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ ദുരിതാശ്വാസ കാംപിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥലത്ത് താത്കാലികമായി മാറ്റിപ്പാർപ്പിക്കുമെന്നും ബളാൽ പഞ്ചായത് പ്രസിഡന്റ് രാജുകട്ടക്കയം അറിയിച്ചു. പട്ടിക ജാതി പട്ടിവർഗ വകുപ്പ് മുൻകൈ എടുത്ത് ഭാവിയിൽ സുരക്ഷിത വീടും അബുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൈബൽ ഓഫീസർ എ ബാബു, വാർഡ് മെമ്പർ ബിൻസി ജെയിൻ, വിലേജ് ഓഫീസർ ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടക്കും. കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ശക്തമായ മഴയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഭൂമിക്ക് ചെറിയ തോതിൽ വിള്ളൽ കണ്ടത്. ആറു കുടുബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. മൂത്താടിയിലെ നെല്ലിക്കാടൻ കണിച്ചി, മോതിര, കല്യാണി, ബിന്തു കുട്ടൻ, ശാന്ത രാഘവൻ, ശാന്ത ജോയ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.