city-gold-ad-for-blogger

സി.പി.എം. കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചു: സി.ടി

സി.പി.എം. കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചു: സി.ടി
 കാസര്‍കോട്: ഹര്‍ത്താല്‍ദിവസം ഡി.വൈ.എഫ്.ഐ. കീക്കാനം യൂണിറ്റ് പ്രസിഡണ്ട് ടി. മനോജ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമാണെന്ന് കള്ള പ്രചാരണം നടത്തി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസ്താവനകളിറക്കുകയും ചെയ്ത സി.പി.എം. കാസര്‍കോടിനെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അത്മ സമയമനം ഒന്നുകൊണ്ടുമാത്രമാണ് ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കാതിരുന്നത്, സി.ടി. പറഞ്ഞു.

ജനാധിപത്യത്തിന്റെ മൂല്യത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പവിത്രത സംബന്ധിച്ചും അണികളെ ബോധ്യപ്പെടുത്താന്‍ സി.പി.എം. തയ്യാറായാല്‍ വരും നാളുകളിലേക്കെങ്കിലും അത് ഗുണകരമാകും.

എം.എസ്.എഫ്. നേതാവ് അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം വിചാരണ ചെയ്ത് നിഷ്ഠൂരമായി കുത്തിക്കൊന്ന് ജീവനപഹരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട പി. ജയരാജന്റെ ചെയ്തിയെ അപലപിക്കുന്നതിനുപകരം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അതുവഴി സൃഷ്ടിക്കപ്പെടുന്ന പ്രതിഷേധത്തെ കലാപകലുഷിതമായ തരത്തിലേക്ക് വഴിമാറ്റാനാണ് സി.പി.എം. ശ്രമിച്ചത്.

ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായും കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പ്രത്യേകിച്ചും മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് ഘടകകക്ഷികളുടെ ഓഫീസുകളും സര്‍ക്കാര്‍ വാഹനങ്ങളും പൊതുമുതലുകളും നശിപ്പിക്കപ്പെട്ടു. ഉന്‍മൂലന സിദ്ധാന്തത്തില്‍നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പള്ളികളും പാര്‍ട്ടി ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും വീടുകളും സര്‍ക്കാര്‍ പൊതു മുതലുകളും നശിപ്പിക്കുന്ന സര്‍വ്വ സംഹാര താണ്ഡവം ഇനിയെങ്കിലും ഒഴിവാക്കാന്‍ സി.പി.എം.തയ്യാറാകണം.

മനോജിന്റെ മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പുണ്യ റമസാനിന്റെ വിശുദ്ധ നാളുകളില്‍ വ്രതമെടുത്ത് ഈദുല്‍ ഫിത്വറിന് ഒരുക്കം കൂട്ടുന്ന വിശ്വാസികളെയും പൊതുജനങ്ങളെയും ദ്രോഹിച്ചുകൊണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും മനോജിന്റെ മരണത്തെ മുസ്‌ലിം ലീഗിന്റെ തലയില്‍കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്ത് പൊതുസമൂഹത്തില്‍ അപഹാസ്യരും അവാസ്തവക്കാരുമായ പി. കരുണാകരന്‍ എം.പി.യും സി.പി.എം. ജില്ലാ നേതൃത്വവും മാപ്പ് പറയണം.

കൊലപാതകവും അക്രമങ്ങളും മുസ്‌ലിം ലീഗിന്റെ പാരമ്പര്യമോ ശൈലിയോ അല്ല. അതിന്റെ കുത്തകാവകാശം സി.പി.എം. നിലനില്‍ക്കുന്ന കാലത്തോളം അവര്‍ക്ക് മാത്രമായിരിക്കും. മുസ്‌ലിം ലീഗിനെ ക്ഷീണിപ്പിക്കാമെന്ന വ്യാമോഹത്താല്‍ അത്തരം ആരോപണം മുസ്‌ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. സി.പി.എമ്മിന്റെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ, മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്നും സി.ടി.ആവശ്യപ്പെട്ടു.

Keywords: CPM, Kasargod, DYFI, C.T Ahmmed Ali, Muslim League, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia