city-gold-ad-for-blogger

'ബേഡകത്തെ വിഭാഗീയത സി.പി.എമ്മിന് അപമാനകരമായി മാറി'

'ബേഡകത്തെ വിഭാഗീയത സി.പി.എമ്മിന് അപമാനകരമായി മാറി'
കാസര്‍കോട്: ബേഡകത്ത് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ സി പി എമ്മിന് അപമാനകരമായി മാറിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങള്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്.

സി പി എം ജില്ലാ സെക്രട്ടറിയേറ്റിലെ കാഞ്ഞങ്ങാട്ട് നിന്നുള്ള അംഗങ്ങളാണ് പാര്‍ട്ടിക്ക് ബേഡകം വിഭാഗീയത കളങ്കമുണ്ടാക്കിയെന്ന് പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. ബേഡകം വിഷയത്തില്‍ ഊന്നിയാണ് സെക്രട്ടറിയേറ്റില്‍ മുഖ്യമായും ചര്‍ച്ച നടന്നത്. അതേസമയം ചൊവ്വാഴ്ച ചേര്‍ന്ന സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ബേഡകം പ്രശ്‌നം കാര്യമായി പരാമര്‍ശിക്കപ്പെട്ടില്ല. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളേക്കാള്‍ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഒരു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളെ പറ്റിയാണ് ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തത്.

സി പി എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, പി കരുണാകരന്‍ എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച ജില്ലാ കമ്മിറ്റിയോഗം ചേര്‍ന്നത്. ബുധനാഴ്ചയും ജില്ലാ കമ്മിറ്റി യോഗം നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ബേഡകം പ്രശ്‌നത്തില്‍ സമഗ്രമായ ചര്‍ച്ച ആവശ്യമായതിനാല്‍ യോഗം ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റി.

ഈ യോഗത്തില്‍ ബേഡകം വിഭാഗീയത പരിഹരിക്കുന്നതിനുള്ള അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബേഡകത്തെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശം.

ബേഡകം വിഭാഗീയത സംബന്ധിച്ച് മുന്‍ ഏരിയാ സെക്രട്ടറി പി ദിവാകരനും പി ഗോപാലന്‍ മാസ്റ്ററും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി പി എം ജില്ലാ കമ്മിറ്റി നിയോഗിച്ച സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി രാഘവനും ഏരിയാ സെക്രട്ടറി സി ബാലനും അടക്കമുള്ള ഔദ്യോഗിക പക്ഷത്തെ ഒമ്പത് പേര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബേഡകം പ്രശ്‌നത്തില്‍ ജില്ലാ നേതൃത്വം നടപടി കൈക്കൊള്ളേണ്ടതെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ കമ്മീഷന്‍ ഏകപക്ഷീയമായാണ് വിഭാഗീയത സംബന്ധിച്ച് റി­പ്പോര്‍ട് തയ്യാറാക്കിയതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സി ബാലന്‍ പക്ഷം ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും പി കരുണാകരന്‍ എം പിക്കുമെതിരെ പരാമര്‍ശമുണ്ട്. ഇത് പാര്‍ട്ടി നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Keywords: Bedakam, Issue, CPM, Shame, Secretariat meeting, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia