പടുപ്പിലെ കുടിയിറക്ക് ഭീഷണി: സി.പി.എം. സമരം 3 മുതല്‍
Jun 30, 2012, 15:02 IST
ജൂലൈ മൂന്ന് മുതല്‍ കരിവേടകം വില്ലേജ് ഓഫീസിന് മുമ്പില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബാംഗങ്ങളും പാര്‍ടി പ്രവര്‍ത്തകരും റിലേ സത്യാഗ്രഹം നടത്തും. പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ജൂലായ് 16 മുതല്‍ വില്ലേജ് ഓഫീസ് അനിശ്ചിത കാലം ഉപരോധിക്കും. തുടര്‍ന്ന് സമരം കലക്ടറേറ്റിന് മുമ്പിലേക്ക് വ്യാപിപ്പിക്കും.
കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേടകം വില്ലേജില്‍ റി.സര്‍വ്വെ നമ്പര്‍ 36/1ല്‍ താമസിക്കുന്ന 11 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയില്‍ കഴിയുന്നത്. നാലുപതിറ്റാണ്ടായി കൃഷി ചെയ്തും വീട് കെട്ടിയും താമസിക്കുന്ന സ്ഥലം മിച്ചഭൂമിയാണെന്ന് പറഞ്ഞാണ് കുടിയിറക്കാന്‍ ശ്രമിക്കുന്നത്. ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അനുവദിച്ച പട്ടയം കൈവശമുള്ളവയാണ് കുടംബങ്ങള്‍. 11 കുടുംബങ്ങളുടെ 10.50 ഏക്കര്‍ ഭൂമി അളന്നുതിട്ടപ്പെടുത്തിയ റവന്യു അധികൃതര്‍ പ്രസ്തുത ഭൂമി മിച്ചഭൂമിയാണെന്ന് കാട്ടി നോട്ടിഫിക്കേഷന്‍ ഇറക്കുകയും അര്‍ഹരായവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് വില്ലേജ് അധികൃതര്‍ അപേക്ഷ പരിശോധന നടത്തിവരികയാണ്.
പടുപ്പ്-മല്ലംപാറ റോഡില്‍ കൊരക്കോല്‍ എന്ന സ്ഥലത്ത് 39 വര്‍ഷമായി താമസിച്ചുവരുന്നവയാണ് പ്രസ്തുത കുടുംബങ്ങള്‍. വില കൊടുത്ത് വാങ്ങിയ ഭൂമി കഴിഞ്ഞ 39 വര്‍ഷങ്ങളില്‍ ദേഹണ്ഡങ്ങള്‍ ഉണ്ടാക്കുകയും നിരവധി തവണ ക്രയവിക്രയം നടത്തുകയും ബാങ്ക് വായ്പ ഉള്‍പ്പെടെ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 2011-12 സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ നികുതിയും ഓടുക്കിയിരുന്നു.
ശങ്കരംപാടിയിലെ അന്തുമാന്‍ എന്ന ജന്മിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിത്. അദ്ദേഹത്തിന് കരിവേടകം വില്ലേജിലുണ്ടായിരുന്ന ഭൂമിയില്‍ 21.75 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. റി. സര്‍വ്വെ നമ്പര്‍ 36/1ല്‍ ഉണ്ടായിരുന്ന 24 ഏക്കര്‍ സ്ഥലത്തില്‍ 10.75 ഏക്കറാണ് മിച്ചഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നത്. ബാക്കിയുള്ളതില്‍ പത്തര ഏക്കര്‍ വിവിധ വൃക്തികള്‍ വിലയ്ക്കുവാങ്ങി.
1973 മുതലാണ് ഇവിടെ സ്ഥലം വാങ്ങി താമസം തുടങ്ങുന്നത്. നാല് ഏക്കര്‍ സ്ഥലം വാങ്ങില സ്‌കറിയ എന്നയാളാണ് ആദ്യം താമസം തുടങ്ങിയത്. അദ്ദേഹം മരിച്ചതോടെ ഭാര്യ ആലീസ് സ്‌കറിയയുടെയും മക്കളായ ജയ്‌സണ്‍, ബെന്നി, ജോണ്‍സണ്‍ എന്നിവരുടെ പേരില്‍ ഓരോ ഏക്കര്‍ വീതം ഉദും സബ് രജിസട്രാര്‍ ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് കൈവശം വച്ചുവരികയാണ്. ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അനുവദിച്ച രണ്ട് ഏക്കറിനുള്ള പട്ടയവും കുഴിക്കാണ ആധാരമുള്ള രണ്ടേക്കറും ഉള്‍പ്പെടെ നാലേക്കര്‍ ഭൂമിയാണ് ഉടമയായിരുന്ന ചിന്നമ്മ മടത്തുക്കുടി എന്നവരോട് ആന്റണി എന്നയാള്‍ വാങ്ങിയത്. ഈ സ്ഥലവും മക്കളായ എം.എ. ജോസ്, എം.എ. ബേബി, സാബു, തോമസ് എന്നിവരുടെ പേരില്‍ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ആധാരം ചെയ്തിട്ടുണ്ട്. വിജയന്‍, ലീലാമ്മ ജോസഫ്, ലൂസി തോമസ്, എം.ടി. ജോണ്‍ എന്നിവരും 30 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുകയാണ്.
വാര്‍ത്താസമ്മേളമനത്തില്‍ സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി. ബാലന്‍, ഏരിയാ കമ്മിറ്റി അംഗം കെ. എന്‍ രാജന്‍, ലോക്കല്‍ സെക്രട്ടറി ഇ.കെ രാധാകൃഷ്ണന്‍, ബ്രാഞ്ച് സെക്രട്ടറി എം.എ ബേബി, കുടിയിറക്കപ്പെടുന്നവരുടെ കുടുംബങ്ങളുടെ പ്രതിനിധികളായ മോളി ജോണ്‍, ഏലിയാമ്മ തോമസ്, ലീലാമ്മ ജോസഫ് എന്നിവരും സംബന്ധിച്ചു.
Keywords: Kasaragod, CPM, Strike, Press meet