ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം ബഹിഷ്‌ക്കരിച്ചു
Feb 10, 2013, 13:27 IST

കാസര്‍കോട്: ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 12 മണിയോടെ സി.പി.എം ബഹിഷ്‌ക്കരിച്ചു. കടലാസ് സംഘങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ചാണ് സി.പി.എം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്.
85 ശതമാനത്തോളം വോട്ടിംഗ് രേഖപ്പെടുത്തിയതിന് ശേഷമാണ് സി.പി.എം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതെന്നും പരാജയത്തിന്റെ ജാള്യത മറച്ചുവെയ്ക്കാനാണ് അവസാന നിമിഷം ബഹിഷ്‌ക്കരണം നടത്തിയതെന്നും കോണ്‍ഡഗ്രസ് ആരോപിച്ചു. ഫെബ്രുവരി ഏഴിന് തന്നെ അന്തിമ വോട്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊന്നും ആക്ഷേപം ഉന്നയിക്കാതിരുന്ന സി.പി.എം ഇപ്പോള്‍ കടലാസ് സംഘങ്ങള്‍ വോട്ട് ചെയ്യുന്നു എന്ന് ആരോപിക്കുന്നത് പരാജയം മുന്നില്‍ കണ്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പി.രാഘവന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.വി.കോമന്‍ നമ്പ്യാര്‍, കെ.കുഞ്ഞിരാമന്‍ തുടങ്ങിയവരായിരുന്നു പോളിംഗ് ഏജന്റുമാര്‍. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം നടത്തിയ ശേഷം സി.പി.എം കുമ്പള ഏരിയ സെക്രട്ടറി ചന്ദ്രഹാസ റായ് ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്തതായും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പറഞ്ഞു. പോളിംഗ് വൈകിട്ട് മൂന്ന് മണി വരെയാണ്. 450 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അനുമതി ഉള്ളത്. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ശേഷം നടക്കും.