city-gold-ad-for-blogger
Aster MIMS 10/10/2023

'ഞാന്‍ മണികണ്ഠനായത് അച്ചന്റെ അയ്യപ്പഭക്തി'; സിപിഎം ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു


കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2018) ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ജില്ലാസെക്രട്ടറിയും സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. 25 വര്‍ഷം തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തിയ തന്റെ പിതാവിനൊപ്പം താനും മല ചവിട്ടിയിട്ടുണ്ടെന്നും തനിക്ക് മണികണ്ഠന്‍ എന്ന് പേരിട്ടത് പിതാവിന്റെ തികഞ്ഞ അയ്യപ്പ ഭക്തിയുമാണെന്ന് പറയുന്ന മണികണ്ഠന്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെതിരെ ശക്തമായി വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഈ പ്രമുഖ യുവ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
'ഞാന്‍ മണികണ്ഠനായത് അച്ചന്റെ അയ്യപ്പഭക്തി'; സിപിഎം ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നെയ്തേങ്ങയില്‍ വലയം പ്രാപിച്ച കരിന്തിരിയുടെ നനുത്ത സുഗന്ധം ഇപ്പോഴും മനസില്‍ തിരയടിക്കുന്നുണ്ട്. നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പെയ്യുന്ന കുളിര് ഇപ്പോഴും എന്റെ ഹൃദയത്തില്‍ തൊടുന്നുണ്ട്. അയ്യപ്പസന്നിധിയില്‍ സര്‍വസ്വവും അര്‍പ്പിച്ച് 25 വര്‍ഷക്കാലം തുടര്‍ച്ചയായി ശബരിമലകയറിയ നാടറിയുന്ന നാരായണ ഗുരുസ്വാമിയായിരുന്നു എന്റെ അച്ഛന്‍. 18 കൊല്ലം പടി കയറിയപ്പോള്‍ ശബരിമലയില്‍ തെങ്ങിന്‍ തയ്യും വെച്ചു. വീട്ടിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ പേര് മണികണ്ഠനായതിന് പിന്നിലും അച്ഛന്റെ തികഞ്ഞ അയ്യപ്പഭക്തി തന്നെ. ഞാനും ചെറുപ്പകാലത്ത് പടി ചവിട്ടിയിട്ടുണ്ട് അച്ഛന്റെ വിരലില്‍ തൂങ്ങി. ആ ആചാരങ്ങളും ഞാന്‍ പാലിച്ചിട്ടുണ്ട്. ആ ധന്യാത്മകമായ ഓര്‍മകളിലേക്കാണ് ഇപ്പോള്‍ ഒരു കൂട്ടം മതഭ്രാന്തന്മാര്‍ നിരന്തരം വിഷം തുപ്പുന്നത്. നിങ്ങള്‍ ഏത് തരം ഭക്തിയാണ് എന്റെ അച്ഛനെപ്പോലുള്ള സ്വാമിമാരുടെ മേല്‍ തുപ്പുന്നത്. ഏത് തരം കാളകൂടമാണ് തീമഴയായി നമ്മുടെ നാട്ടില്‍ പെയ്യിക്കുന്നത്. ഹേ സംഘ്പരിവാറുകാരെ, എന്റെയും എന്റെ അച്ഛന്റെയും നെയ്തേങ്ങ മണമുള്ള മതേതര വിശുദ്ധി ഏത് മലയാളിയുടെ തലയിലാണ് നിങ്ങള്‍ എറിഞ്ഞുടക്കുന്നത്. അച്ഛന്‍ ഗുരുസ്വാമിയായിരിക്കുമ്പോള്‍ തന്നെയാണ് ഞാന്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതും. അയ്യപ്പഭക്തിയുടെ എല്ലാം തികഞ്ഞ സന്നിധാനത്തില്‍ അത് ഞാന്‍ തന്നെ (തത്ത്വമസി) എന്ന് നിരന്തരം ഓര്‍മിച്ച് ആ ഗുരുസ്വാമി ഞാനെന്ന കമ്യൂണിസ്റ്റിനെ ചേര്‍ത്തു പിടിച്ചു. അതാണ് മതേതര കേരളം, അതാണ് ഇന്നലത്തെയും ഇന്നത്തെയും കേരളം. അതുതന്നെയായിരിക്കണം നാളത്തെ കേരളം എന്ന് നിരന്തരം ഓര്‍മിപ്പിക്കേണ്ട നിമിഷങ്ങളാണിത്. ഞാനറിയുന്നു; ഞങ്ങളറിയുന്നു എന്റെ അച്ഛനെപ്പോലെയുള്ളവര്‍ കൈ പിടിച്ചു നടത്തിയ തീര്‍ത്തും സെക്കുലറായ മതബോധമാണ് ഈ നാടിനെ നിലനിര്‍ത്തുന്നത്. അതിന് ഭംഗം വരുത്തുന്ന ഒന്നിനും ഈ മണ്ണില്‍ സ്ഥാനമില്ല. അതിനെനിക്ക് വഴിവിളക്കാകുന്നത് ഗുരുസ്വാമിയായിരുന്ന എന്റെ അച്ഛനാണ്. അതിനോട് ചേര്‍ന്നു പോകുന്ന എന്റെ പാര്‍ട്ടിയാണ്. ചെറുക്കാം നമുക്ക് യാര്‍ത്ഥ വിശ്വാസത്തെ കൊല്ലുന്ന ഈ സംഘി ഭീകരതയെ...

പള്ളിക്കര ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ കടപ്പുറത്തെ മാര്‍ട്ടിന്റെ കൂടെ പള്ളിപ്പെരുന്നാളിന് പോയി നേര്‍ച്ച പ്രസാദം കഴിക്കുന്നതും പ്രസിദ്ധമായ ബേക്കല്‍ ഹൈദ്രോസ് ജുമാ അത്ത് പള്ളിയില്‍ എന്റെ മുസ്ലീം സുഹൃത്തുക്കളുടെ കൂടെ പോയി നേര്‍ച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഇതൊന്നും നിഷിദ്ധമല്ല എന്ന രാഷ്ട്രീയാനുഭവങ്ങളിലൂടെയുള്ള എന്റെ ബോധ്യത്തിന്റെ ഭാഗമായിട്ടാണ്. എല്ലാ വിശ്വാസങ്ങളേയും ഞങ്ങള്‍ മാനിക്കുന്നു. മത വിശ്വാസത്തിനും ദൈവവിശ്വാസത്തിന്നും ആര്‍ക്കും ഒരു പാര്‍ട്ടിയുടേയും പിന്‍ബലം ആവശ്യമില്ല. അത് വിശ്വാസികള്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. വര്‍ഗീയ വിഷം തുപ്പി വിശ്വാസികളെ കൊലക്ക് കൊടുക്കുന്ന വിഷകലമാരും ഇരുമുടിക്കെട്ട് സ്വയം വലിച്ച് താഴെയിട്ട് അയ്യപ്പനെ അവഹേളിക്കുന്ന സുരേന്ദ്രജിമാരും യഥാര്‍ത്ഥ വിശ്വാസികളുടെ ശത്രുക്കളാണ്. ചരിത്രം അവര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കുകയുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM area Secretary's FB post about Sabarimala issue goes Viral, Kanhangad, Kasaragod, News, CPM, Social-Media, Facebook Post.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL