CPM | 'മാലിന്യങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകി ലക്ഷങ്ങളുടെ അഴിമതി'; മധൂർ പഞ്ചായത്ത് ബിജെപി ഭരണസമിതിക്കെതിരെ ആരോപണവുമായി സിപിഎം
* 'രാജിവച്ച് അന്വേഷണം നേരിടണം'
മധൂർ: (KasaragodVartha) കരാർ വ്യവസ്ഥകൾ ലംഘിച്ച് വിപണി മൂല്യമുള്ള മാലിന്യങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകി മധൂർ ഗ്രാമപഞ്ചായത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് സിപിഎം. സംഭവത്തിൽ ഭരണ സമിതി രാജിവെക്കണമെന്ന് സിപിഎം മധൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
2022 ഓഗസ്റ്റ് 10ന് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കിയാണ് സ്വകാര്യ കമ്പനിയായ തിരുവോണം ഇക്കോ ഇൻഡസ്ട്രീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയെ ഹരിത കർമ സേനാംഗങ്ങൾ ശേഖരിച്ച തരം തിരിച്ച അജൈവ മാലിന്യങ്ങൾ ക്വട്ടേഷൻ പ്രകാരമുള്ള തുകയ്ക്ക് ഏറ്റെടുക്കാൻ ഏൽപ്പിച്ചത്. വിപണിമൂല്യമുള്ള 19 തരം മാലിന്യങ്ങൾ കിലോഗ്രാമിന് മൂന്ന് രൂപ മുതൽ 50 രൂപവരെ പഞ്ചായത്തിന് നൽകി ഏറ്റെടുക്കാമെന്നാണ് കമ്പനി കരാർ ഒപ്പുവെച്ചത്.
എന്നാൽ കരാർ വ്യവസ്ഥ ലംഘിച്ച് ഒരു വ്യവസ്ഥയിലും പറയാത്ത കിലോഗ്രാമിന് 1.30 എന്ന തുകവെച്ചാണ് വിപണി മൂല്യമുള്ള മാനിന്യങ്ങൾ മുഴുവനായും കമ്പനി കടത്തികൊണ്ടുപോയത്. കൂടാതെ തിരസ്കരിച്ച (Rejected) മാലിന്യങ്ങൾ കൊണ്ടു പോയ കണക്കിൽ കിലോഗ്രാമിന് 5.90 രൂപവച്ച് ലക്ഷക്കണക്കിന് തുക പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും കമ്പനി കൈപ്പറ്റിയിട്ടുമുണ്ടെന്നും സിപിഎം നേതാക്കൾ പറയുന്നു.
കരാർ വ്യവസ്ഥകൾ ലംഘിക്കുകയും, യഥാസമയം കരാർ പുതുക്കുകയും ചെയ്യാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ വഴിയൊരുക്കുകയും പഞ്ചായത്തിന് ധന ചോർച്ചയുണ്ടാക്കുകയും
ചെയ്ത പഞ്ചായത്ത് ഭരണ സമിതി രാജിവച്ച് ഈ അഴിമതിക്ക് എതിരായ അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.