Loss | ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുഴഞ്ഞു വീണ് മരിച്ചു

● തൊഴിലുറപ്പ് ജോലിക്കിടെ ഭർത്താവ് കുഴഞ്ഞുവീണു.
● ഭർത്താവിൻ്റെ മരണവാർത്ത അറിഞ്ഞ് ഭാര്യയുംമരിച്ചു.
● പുത്തിഗെ ബാഡൂർ പദവിലാണ് സംഭവം.
കുമ്പള: (KasargodVartha) ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തിഗെ ബാഡൂർ പദവിലെ സഞ്ജീവ (55) ആണ് ആദ്യം മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയാണ് സഞ്ജീവ കുഴഞ്ഞുവീണത്. ഭർത്താവിൻ്റെ മരണവാർത്ത അറിഞ്ഞ് ദുഃഖത്തിലാണ്ട ഭാര്യ സുന്ദരിയും (50) പിന്നീട് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.
ബാഡൂർപദവ് ചക്കട്ടച്ചാലിൽ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സഞ്ജീവ വ്യാഴാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഭർത്താവിൻ്റെ അപ്രതീക്ഷിത വിയോഗം സുന്ദരിയെ മാനസികമായി തളർത്തിയിരുന്നു. സഞ്ജീവയുടെ മൃതദേഹം വൈകുന്നേരം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി.
ഇതിനിടെ, വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സുന്ദരി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിലും വേർപിരിയാത്ത ഈ ദമ്പതികളുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മക്കള്‍: സുഹാസിനി, സുഭാഷിണി, സുഗന്ധി, ദീക്ഷിത്. ഏക സഹോദരന്‍ ഗോവിന്ദ.
#Kumbala #CoupleDeath #Tragedy #KeralaNews #SuddenDeath #FamilyLoss