Flash Inspection | ഹരിത കര്‍മ സേനയിലെ അഴിമതി; തദ്ദേശസ്വയം ഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗം മധൂര്‍ പഞ്ചായതില്‍ മിന്നല്‍ പരിശോധന നടത്തി
*പ്രതിഷേധവുമായി സിപിഎം മധൂര്‍ ലോകല്‍ കമിറ്റി
*'ഭരണ സമിതി രാജിവച്ച് ഈ അഴിമതിക്കെതിരായ അന്വേഷണം നേരിടാന്‍ തയ്യാറാകണം'
*'കരാര്‍ വ്യവസ്ഥ ലംഘിച്ചായിരുന്നു മാലിന്യങ്ങള്‍ കടത്തിയത്'
മധൂര്‍: (KasargodVartha) ഗ്രാമ പഞ്ചായതില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വിപണി മൂല്യമുള്ള മാലിന്യങ്ങള്‍ സ്വകാര്യ കംപനിക്ക് നല്‍കി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന പരാതിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ബിജെപി ഭരിക്കുന്ന മധൂര്‍ പഞ്ചായതില്‍ പരിശോധന നടത്തി. ആഭ്യന്തര വിജിലന്‍സ് വിഭാഗം ഓഫീസര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.
സിപിഎം ഉള്‍പെടെയുള്ള സംഘടനകള്‍ അഴിമതിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടന്നത്. 2022 ആഗസ്റ്റ് 10 ന് സര്‍കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള കംപനിയെ ഒഴിവാക്കിയാണ് സ്വകാര്യ കംപനിയായ തിരുവോണം ഇകോ ഇന്‍ഡസ്ട്രീസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് (Thiruvonam Ecco Industries India PVT Ltd) എന്ന ഏജന്‍സിയെ ഹരിത കര്‍മ സേനാംഗങ്ങള്‍, ശേഖരിച്ച് തരം തിരിച്ച അജൈവ മാലിന്യങ്ങള്‍ ക്വടേഷന്‍ പ്രകാരമുള്ള തുകയ്ക്ക് ഏറ്റെടുക്കാന്‍ ഏല്‍പിക്കുന്നത്.
വിപണിമൂല്യമുള്ള 19 തരം മാലിന്യങ്ങള്‍ കിലോഗ്രാമിന് 3 രൂപ മുതല്‍ 50 രൂപവരെ പഞ്ചായതിന് നല്‍കി ഏറ്റെടുക്കാമെന്നാണ് കംപനി കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ കരാര്‍ വ്യവസ്ഥ ലംഘിച്ച് ഒരു വ്യവസ്ഥയിലും പറയാത്ത കിലോഗ്രാമിന് 1.30 എന്ന തുകവെച്ചാണ് വിപണി മൂല്യമുള്ള മാലിന്യങ്ങള്‍ മുഴുവനായും കംപനി കടത്തികൊണ്ടുപോയത്. കൂടാതെ ഒഴിവാക്കിയ മാലിന്യങ്ങള്‍ കൊണ്ടുപോയ കണക്കില്‍ കിലോഗ്രാമിന് 5.90 രൂപവച്ച് ലക്ഷക്കണക്കിന് തുക പഞ്ചായത് തനത് തുകയില്‍നിന്നും കംപനി കൈപ്പറ്റിയിട്ടുമുണ്ടെന്നാണ് ആരോപണം.
കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും, യഥാസമയം കരാര്‍ പുതുക്കുകയും ചെയ്യാതെ സ്വകാര്യ കംപനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുകയും പഞ്ചായതിന് ധന ചോര്‍ചയുണ്ടാക്കുകയും ചെയ്ത പഞ്ചായത് ഭരണ സമിതി, രാജിവച്ച് ഈ അഴിമതിക്കെതിരായ അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും പ്രതിഷേധവുമായി രംഗത്തുവന്ന സിപിഎം മധൂര്‍ ലോകല്‍ കമിറ്റി ആവശ്യപ്പെട്ടു.