സഹകരണ ബാങ്കുകള്‍ ഫ്രാഞ്ചൈസികളാകും; ജീവനക്കാരുടെ ജോ.രജിസ്ട്രാര്‍ ഓഫീസ് മാര്‍ച് 20ന്
Mar 18, 2013, 15:25 IST
കാസര്‍കോട്: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും കേരളത്തില്‍ സജീവസാന്നിധ്യമായിട്ടുള്ള സഹകരണ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് കക്ഷിരാഷ്ട്രീയം മറന്ന് സഹകരണ ജീവനക്കാര്‍ 20ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച് നടത്തുന്നത്.
ബുധനാഴ്ച രാവിലെ 10.30ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തുനിന്ന് മാര്‍ച് പുറപ്പെടും. തുടര്‍ന്ന് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സഹകാരികളും സംസാരിക്കും.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പ്രണ്ട്, എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് കൗണ്‍സില്‍ തുടങ്ങി ജീവനക്കാരുടെ എല്ലാ സംഘടനകളും ഉള്‍കൊള്ളുന്നതാണ് സംയുക്ത സമര സമിതി.
കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടന തന്നെ തകര്‍ക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റി റിപോര്‍ട്ട് തള്ളിക്കളയുക, നബാര്‍ഡിന്റെ സഹകരണ മേഖലയോടുള്ള അവഗണ അവസാനിപ്പിക്കുക, ബാങ്കിംഗ് ഭേദഗതിയുടെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുക, ടാക്‌സ് നിയമത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്കും മാര്‍ചും നടത്തുന്നത്.
സഹകരണ മേഖലയെകുറിച്ച് പഠിക്കുന്നതിന് വേണ്ടി റിസര്‍വ് ബേങ്ക് നിയമിച്ചിട്ടുള്ള പ്രകാശ്ബക്ഷി റിപോര്‍ട്ട് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നതാണ്. സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ ഫ്രാഞോ്‌ചൈസിയായി പ്രവര്‍ത്തിക്കണമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. വായ്പ നല്‍കാനും വായ്പ സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാത്തിനും ജില്ലാ ബാങ്കിന്റെ അനുമതി വേണം.ബാങ്കിംഗ് ഇതര സേവനങ്ങള്‍ പാടില്ലെന്ന് റിപോര്‍ടില്‍ ശുപാര്‍ശയുണ്ട. കേരളത്തിന്റെ സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരായ റിപോര്‍ട്ട് പൂര്‍ണമായും തള്ളികളയണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെത്തി കാര്യങ്ങള്‍ പഠിക്കാതെയാണ് റിപോര്‍ട് തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ സഹകരണ മന്ത്രി എം.വി.രാഘവനുമായി ഉടക്കി സംസ്ഥാന സര്‍വീസില്‍ നിന്ന് നബാര്‍ഡിലേക്ക് പോയ ഉദ്യോഗസ്ഥനാണ് പ്രകാശ്ബക്ഷി.
ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതിയിലൂടെ സസഹകരണ മേഖലയ്ക്ക് നിലവില്‍ ലഭ്യമായിരുന്ന സംരക്ഷണം റിപോര്‍ടിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍കൊണ്ടുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഇളവ് അനുവദിക്കണം. നബാര്‍ഡിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ജില്ലാ ചെയര്‍മാന്‍ പി.കെ. വിനയകുമാര്‍, വിവിധ സംഘടനാ നേതാക്കളായ പി. നാരായണന്‍ നമ്പ്യാര്‍, എം. അശോക റൈ, പി.കെ. വിനോദ്കുമാര്‍, എ. രവീന്ദ്രന്‍, പി.പി. സുകുമാരന്‍, പി. ജാനകി, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank, March, Employees, Office, Kasaragod, Strike, Thiruvananthapuram, Collectorate, Kerala, Cooperative bank employees joint registrar office march on March 20