V N Vasavan | ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി വി എന്‍ വാസവന്‍
കുമ്പള: (KasargodVartha) ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുമ്പള ജനറല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഓഫീസിന്റെയും കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി ഡിജിറ്റലൈസേഷന്‍, ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞുവെന്നും സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന ചികില്‍സാ ചിലവുകളുടെ പകുതി മാത്രമേ സഹകരണ ആശുപത്രികളില്‍ വങ്ങിക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധയാണ് സഹകരണ ആശുപത്രികളുടെ പ്രധാന ലക്ഷ്യം. കേരളത്തില്‍ സഹകരണ മേഖലയില്‍ 208ഓളം ആശുപത്രികളുണ്ട്.
പരിയാരത്തും കൊച്ചിയിലും ഉണ്ടായിരുന്ന രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരിന് നല്‍കി. വിവിധ സഹകരണ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജിന് സമാനമായ ചികിത്‌സാ സൗകര്യങ്ങളാണ് നല്‍കി വരുന്നത്. കോവിഡ് കാലത്ത് സഹകരണ ആശുപത്രികള്‍ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും സ്വകാര്യ ആശുപത്രികള്‍ 3000 രൂപ ഈടാക്കിയ പള്‍സ് ഓക്സിമീറ്ററുകള്‍ 500 രൂപയ്ക്ക് ലഭ്യമാക്കി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നമുക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു
ചടങ്ങില്‍ കാസര്‍കോട്് കോപ്പറേറ്റീവ് യൂണിയന്‍ സര്‍ക്കിള്‍ ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ അധ്യക്ഷത വഹിച്ചു. ജസ്റ്റിന്‍ തോമസ്, കെ.വിജയന്‍ നമ്പ്യാര്‍ എന്നിവരെ മന്ത്രി ആദരിച്ചു. ബാങ്കിന്റെ ലോക്കിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും ഉദ്ഘാടനം കാസര്‍കോട് കോപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത നിര്‍വ്വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസഫ്, പുതിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബന്ന അള്‍വ, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രേമാവതി, മഞ്ചേശ്വരം കോപ്പറേറ്റീവ് സൊസൈറ്റി അസി. രജിസ്ട്രാര്‍ ജനറല്‍ കെ.നാഗേഷ്, കുമ്പള കെ.ഡി.സി.എച്ച് ഫിസിഷ്യന്‍ ഡോ. എം.ഡി മുഹമ്മദ് ഷരീഫ്, കുമ്പള സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാധകൃഷ്ണ റായ് മാധവ, കുമ്പള മെര്‍ച്ചന്‍സ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റര്‍ വി. സുനില്‍കുമാര്‍, കുമ്പള അഗ്രികള്‍ച്ചറിസ്റ്റ്് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശിവപ്പ റായ്, തുളുനാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.എസ്.അബ്ദുള്‍ അസീസ്, മഞ്ചേശ്വരം ബ്ലോക്ക് വനിത കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആശ ഹരീഷ് റായ്, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബൈജുരാജ്, രാഷ്ട്രീയപ്രതിനിധികളായ സി.എ സുബൈര്‍, രവി പൂജാരി, ബി.എന്‍.മുഹമ്മദ് അലി, സുജിത് റായ്, രാഘവ, താജുദീന്‍ മൊഗ്രാല്‍, അഹമ്മദ് അലി, രഘുരാമ ഛത്രപല്ല, വ്യാപാര വ്യവസായി പ്രതിനിധികളായ രാജേഷ് മനയാറ്റ്, എം.ഗോപി, ബില്‍ഡിംഗ് ഉടമസ്ഥ കെ.സരള, വിട്ടല്‍ റായ്, സൊസൈറ്റി വൈസ് പ്രസിഡന്റ് എം. സുമതി, കുമ്പള ജനറല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ കെ.ബി.യൂസഫ് എന്നിവര്‍ സംസാരിച്ചു.