Missing | പിഗ്മി ഏജന്റിനെ ചന്ദ്രഗിരി പുഴയില്‍ കാണാതായതായി സംശയം; അഗ്‌നിരക്ഷാസേന തിരച്ചില്‍ തുടങ്ങി
കാസര്‍കോട്: (KasargodVartha) കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പിഗ്മി ഏജന്റിനെ (Pigmy Collection Agent) ചന്ദ്രഗിരി പുഴയില്‍ (Chandragiri River) കാണാതായതായി സംശയം. പാമ്പാച്ചിക്കടവ് അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ബി എ രമേഷിനെ (50) ആണ് കാണാതായത്.
ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം ചന്ദ്രഗിരിപ്പാലത്തിന് മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പുഴയില്‍ കാണാതായതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തുന്നത്. ജോലി കഴിഞ്ഞ് രാത്രിയോടെ വീട്ടില്‍ തിരിച്ചെത്താറുള്ള രമേഷ് വ്യാഴാഴ്ച വൈകിയും വീട്ടിലെത്തിയില്ല.
തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഇതെ തുടര്‍ന്ന് ഭാര്യാ സഹോദരന്‍ ദിനേശന്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാന്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് സ്‌കൂടര്‍ ചന്ദ്രഗിരിപ്പാലത്തിന് സമീപം കണ്ടെത്തിയത്.
സ്‌കൂടര്‍ പരിശോധിച്ചപ്പോള്‍ ബാഗും മൊബൈല്‍ ഫോണും സ്വര്‍ണാഭരണവും സ്‌കൂടറില്‍ കണ്ടെത്തി. ഇതോടെയാണ് പുഴയില്‍ കാണാതായതായിരിക്കാമെന്ന സംശയം ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. മഴക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് ശക്തമാണ്.
സാമ്പത്തിക ബാധ്യതയോ മറ്റ് പ്രയാസങ്ങളോ ഇദ്ദേഹത്തിന് ഇല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചതായി വിദ്യാനഗര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
#missingperson #kasargod #kerala #cooperativebank #river