city-gold-ad-for-blogger

പടുവളം മദ്യശാല സമരത്തില്‍ പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചതിനെ ചൊല്ലി വിവാദം

പടുവളം മദ്യശാല സമരത്തില്‍ പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചതിനെ ചൊല്ലി വിവാദം
ചെറുവത്തൂര്‍: പിലിക്കോട് പടുവളത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉപരോധ സമരത്തില്‍ പി.സി.വിഷ്ണിനാഥ് എം.എല്‍.എ പ്രസംഗിച്ചതിനെ ചൊല്ലി കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വിവാദം ഉടലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്കാണ് വിഷ്ണുനാഥ് സമരത്തില്‍ പ്രസംഗിക്കാനെത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നിലും, ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വലും പറയുന്നത്. സര്‍ക്കാറിന്റെ ഒരു സ്ഥാപനത്തിനെതിരെ ഭരണകക്ഷി എം.എല്‍.എ തന്നെ രംഗത്തുവന്നതിനെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നത്.

നേരത്തെ പിലിക്കോട് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് സമരത്തിനനുകൂലമായോ എതിരായോ പാര്‍ട്ടി നീങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍ സമരവേദിയില്‍ എത്തി സമരത്തിന് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിനെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്തുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഹക്കീമിന് വ്യക്തിപരമായി സമരത്തെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ സമരത്തിന് വാഗ്ദാനം ചെയ്തതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മണ്ഡലം പ്രസിഡന്റുമായി നേരത്തെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും, സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. ഈ പ്രശ്‌നം നേരത്തെ അവസാനിച്ചിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കാസര്‍കോട് ജില്ലയിലെത്തിയപ്പോള്‍ ഞായറാഴ്ച പടുവളത്ത് കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത് മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

യൂത്ത് കോണ്‍ഗ്രസിന് സമരത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് ഹക്കീം കുന്നില്‍ പറയുന്നത്. അതിനിടെ ബീവറേജസ് മദ്യശാല സമരം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തൊട്ടടുത്ത ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കാനുള്ള നീക്കം ശക്തമായതും കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ബീവറേജസ് മദ്യശാല പൂട്ടിച്ച് സ്വകാര്യ ബാറുടമയെ സഹായിക്കാനുള്ള നീക്കം വിലപോകില്ലെന്നാണ് മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത്. മദ്യശാല ഒഴിവാക്കുകയാണെങ്കില്‍ ചെറുവത്തൂരിലെ ഞാണങ്കൈയിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് മദ്യശാല പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ആദ്യം സമരം സംഘടിപ്പിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം പറയുന്നത്.

ചെറുവത്തൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിന് എതിര്‍പ് ഒഴിവാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 30 ലക്ഷത്തോളം രൂപ സംഭാവനയായി നല്‍കിയിട്ടുണ്ടെന്ന ആരോപണവും ഇതിനിടയില്‍ ശക്തമായിട്ടുണ്ട്. ബീവറേജസ് മദ്യശാല സമരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം പി.സി.വിഷ്ണുനാഥിനെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ വിഷ്ണുനാഥിനെ യാത്രയയക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്ക്തര്‍ക്കവും നടന്നിരുന്നു.

Keywords: Controversy, P.C.Vishnunath MLA, Beverages, Strike, Speech, Youth congress, Pilicode, Cheruvathur, Protest, Congress leaders, Kasaragod, Kerala, Kasargod Vartha, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia