city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ ആദ്യത്തെ തെരുവുനായ നിര്‍മാര്‍ജന കേന്ദ്രം 13ന് കാസര്‍കോട്ട് മന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 09/08/2016) തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെയും, മുന്‍സിപ്പാലിറ്റികളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോട് കൂടി 2015 ജൂലൈയില്‍ തുടക്കമിട്ട സമഗ്ര പേവിഷ ബാധ നിയന്ത്രണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിവിധതലത്തിലുള്ള ഇടപെടലുകളുടെയും, പ്രവര്‍ത്തനങ്ങളുടെയും ഫലമായിട്ടാണ്, കാസര്‍കോട് റെയിവേ സ്റ്റേഷന്‍ റോഡിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കെട്ടിടം എ ബി സി പദ്ധതിക്കായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി തയ്യാറാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം 13ന് വൈകുന്നേരം നാല് മണിക്ക്, കാസര്‍കോട് റെയിവേ സ്റ്റേഷന്‍ റോഡിലുള്ള എ ബി സി കേന്ദ്രത്തില്‍ സംസ്ഥാന മൃഗസംരക്ഷണ - വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. ഇതോടനുബന്ധിച്ചുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം ബംഗളൂരു ആസ്ഥാനമായ എന്‍ ജി ഒയുടെ സഹകരണത്തോട് കൂടി കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം കേന്ദ്രം തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സമാഹരിച്ച 1,31,00,000 രൂപയില്‍ നിന്നാണ് ജില്ലയിലെ ആദ്യത്തെ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ സജ്ജീകരിക്കുന്നുണ്ട്. പദ്ധതി പ്രകാരം എന്‍ ജി ഒകള്‍ തെരുവ് നായ്ക്കളെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും, തുടര്‍ന്ന് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും, തുടര്‍പരിചരണത്തിനും ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്ക് ശേഷം പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവെയ്പും തിരിച്ചറിയുന്നതിനായി ഇടത് ചെവിയില്‍ അടയാളം പതിക്കുകയും ചെയ്യും. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപറേഷന്‍ തീയേറ്റര്‍, 30 നായ്ക്കളെ പാര്‍പ്പിക്കുന്നതിനാവശ്യമായ കെന്നലുകള്‍, ബയോവേയ്സ്റ്റ് സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ കേന്ദ്രത്തിനോട് ചേര്‍ന്ന് പരിശീലന കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതി നടത്തിപ്പിനായി ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപ വീതവും, ബ്ലോക്ക് പഞ്ചായത്ത് നാല് ലക്ഷം വീതവും, മുനിസിപ്പാലിറ്റികള്‍ ഏഴ് ലക്ഷം വീതവും, ജില്ലാ പഞ്ചായത്ത് 10 ലക്ഷവും വകയിരുത്തിയിരുന്നു.

പദ്ധതിയുടെ നാള്‍വഴികള്‍
  • 10.07.2015-ന് കേരള മുഖ്യമന്ത്രി തെരുവ് നായക്കളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിന് യോഗം വിളിച്ചു ചേര്‍ക്കുന്നു.
  • 16.07.2015-ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി കാസര്‍കോട് കലക്‌ട്രേറ്റില്‍ യോഗം വിളിക്കുന്നു.
  • 24.07.2015-ന് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി ആസൂത്രണം ചെയ്യുന്നു.
  • 30.07.2015-ന് പദ്ധതി നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും, സഹായികളെയും നിയമിച്ച് പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിക്കുന്നു.
  • 02.12.2015-ന് പത്രപരസ്യം നല്‍കിയിട്ടും, കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും സഹായികളെയും ലഭിക്കാത്തതുകൊണ്ട്, ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള എന്‍ ജി ഒകള്‍ മുഖാന്തിരം പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിക്കുന്നു. 
  • 02.12.2015-ന് പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സജ്ജീകരിക്കുവാന്‍ കാസര്‍കോട് ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുന്നു.
  • 20.01.2016-ന് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്‍ ജി ഒ മുഖാന്തിരം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന് അനുമതി നല്‍കുന്നു.
  • 28.01.2016-ന് എ ബി സി പദ്ധതി നടപ്പിലാക്കുവാനായി ഈ മേഖലയില്‍ സാങ്കേതിക ക്ഷമതയും, പ്രവര്‍ത്തി പരിചയവുമുള്ള എന്‍ ജി ഒ കളില്‍ നിന്ന് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ ക്ഷണിക്കുന്നു.
  • 29.02.2016-ന് അനിമല്‍ റൈറ്റ് ഫണ്ട് ബംഗളൂരു എന്ന എന്‍ ജി ഒയെ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കുന്നു.
  • 30.03.2016-ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് എന്‍ ജി ഒയുമായി കരാറി ഏര്‍പെടുന്നു.
  • 24.06.2016-ന് എ ബി സി കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് നിര്‍മിതി കേന്ദ്രം പൂര്‍ത്തിയാക്കുന്നു.
  • 08.07.2016-ന് എ ബി സി. പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങള്‍ക്കും ടെന്‍ഡര്‍ ക്ഷണിക്കുന്നു.
  • 13.08.2016-ന് എ ബി സി കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു. 
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സെക്രട്ടറി ഇ പി രാജ് മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍, മീഡിയാകമ്മറ്റി കണ്‍വീനര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ആദ്യത്തെ തെരുവുനായ നിര്‍മാര്‍ജന കേന്ദ്രം 13ന് കാസര്‍കോട്ട് മന്ത്രി ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, Street Dog, Inauguration, Press Meet, Municipality, District, Center, Control of Street dog project inauguration on 13th. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia