Power Crisis | ‘തുടർച്ചയായ വൈദ്യുതി തടസ്സം: കാസർകോട്ട് പ്രത്യേക ടാസ്ക് ഫോഴ്സിന്റെ സേവനം ലഭ്യമാക്കണം’
● വൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് ആവശ്യമാണ്
● കാടുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ കേബിൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
● ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാസർകോട്: (KasargodVartha) ജില്ലയിൽ തുടർച്ചയായുള്ള വൈദ്യുതി തടസ്സം ജനജീവനത്തെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തീകരിക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് ആവശ്യം. മൊഗ്രാൽ ദേശീയ വേദി ഇത് സംബന്ധിച്ച് നിവേദനം നൽകുകയും ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനം കാലപ്പഴക്കമുള്ളതാണെന്നും, ചെറിയ മഴയോ കാറ്റോ വന്നാലും വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും മൊഗ്രാൽ ദേശീയ വേദി ചൂണ്ടിക്കാട്ടി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങളിലേക്ക് കെഎസ്ഇബി മാറണമെന്നും അവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ-ജീവനക്കാരുടെ കുറവും പദ്ധതികളുടെ വേഗതയെ ബാധിക്കുന്നുണ്ടെന്നും, ചന്ദ്രഗിരിയിൽ നിന്ന് വടക്കോട്ടേക്ക് വൈദ്യുതി പദ്ധതികൾക്ക് നാമമാത്രമായ ഫണ്ട് അനുവദിക്കുന്നുള്ളൂ എന്ന ആക്ഷേപവും ഉയർത്തി.
ഇതിന് പരിഹാരം ഉണ്ടാകണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറിന്റെയും, ജില്ലാ വികസന പാക്കേജിലും ജില്ലയിലേക്ക് ലഭിക്കുന്ന വൈദ്യുതി പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പ്രത്യേക ടാസ്ക് ഫോർസിന്റെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിനായി സർക്കാറിൽ ജനപ്രതിനിധികൾ സമ്മർദ്ദം ചെലുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
കാടുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ കേബിൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മൊഗ്രാൽ ദേശീയവേദി ഭാരവാഹികളായ സെക്രട്ടറി എംഎ മൂസ, ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ജോയിൻ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കർ സിദ്ദീഖ്, അബ്ദുല്ല കുഞ്ഞി നടുപ്പളം എന്നിവരാണ്, ജില്ലാ കെഎസ്ഇബി ഉദ്യോഗസ്ഥരായ കാസർകോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് കുമാർ എസ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നാഗരാജ് ഭട്ട് കെ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.
തുടർച്ചയായ വൈദ്യുതി തടസ്സം ജില്ലയിലെ വ്യാപാര-വ്യവസായ മേഖലകളെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. വൈദ്യുതി വിതരണത്തിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയുണ്ട്.
കാസർകോട് ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിനുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. ജില്ലയിലെ വൈദ്യുതി പ്രശ്‌നം ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണ്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
#PowerCrisis #Kasaragod #SpecialTaskForce #KSEB #PowerOutages #Kerala