New Construction | മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിര നിർമാണം ഡിസംബർ 6ന് തുടങ്ങും
● നാല് നിലയുള്ളതായിരിക്കും പുതിയ ആസ്ഥാന മന്ദിരം
● ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ് കെട്ടിടമായിരിക്കും ലീഗ് പണിയുക
കാസർകോട്: (KasargodVartha) ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ദീർഘകാല സ്വപ്നമായിരുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത മാസം ആറിന് ആരംഭിക്കും. കാസർകോട് നഗരഹൃദയത്തിൽ ജില്ലാ കമ്മിറ്റി വിലക്കു വാങ്ങിയ 33.5 സെന്റ് സ്ഥലത്ത് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ലളിതമായ ചടങ്ങോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുക.
കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ചടങ്ങിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവൻ നേതാക്കളും, ജനപ്രതിനിധികളും, കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാനും ട്രഷറർ പി എം മുനീർ ഹാജിയും അറിയിച്ചു.
നാല് നിലയുള്ളതായിരിക്കും പുതിയ ആസ്ഥാന മന്ദിരം. എല്ലാ പോഷക സംഘടനകൾക്കും ഓഫീസ് പ്രവർത്തനങ്ങൾക്കായി ഓരോ കാബിനുകളും ഭാരവാഹികൾക്കുള്ള മുറികളും യോഗം ചേരാനുള്ള ഹോളും നേതാക്കൾക്ക് വിശ്രമിക്കാനുള്ള മുറികളും ഉണ്ടാവും. മികച്ച വാഹന പാർകിംഗ് സൗകര്യവും ഉണ്ടായിരിക്കും. ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ് കെട്ടിടമായിരിക്കും ലീഗ് പണിയുക.
#MuslimLeague, #Kasaragod, #NewHeadquarters, #Construction, #December6, #NewBuilding