നിർമ്മാണ കമ്പനിയുടെ 'ചെപ്പടിവിദ്യ': നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകി; മൊഗ്രാലിൽ വ്യാപക പരാതി
● വേണ്ടത്ര അടിത്തറയില്ലാതെ 'ഒപ്പിക്കൽ' രീതിയിൽ നിർമ്മിച്ചതാണ് തകർച്ചയ്ക്ക് കാരണം.
● നടപ്പാത നിർമ്മാണം 'തട്ടിക്കൂട്ടി' പൂർത്തിയാക്കുകയായിരുന്നു അധികൃതർ എന്നാണ് നാട്ടുകാരുടെ ആരോപണം.
● സമയം ലാഭിക്കാനും ജോലി വേഗത്തിലാക്കാനും അശാസ്ത്രീയമായാണ് നിർമ്മാണം നടത്തിയതെന്ന പരാതി നേരത്തെയും ഉണ്ട്.
● നടപ്പാതയുടെ കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ട സാഹചര്യത്തിൽ നടപടി വേണമെന്ന് ആവശ്യം.
മൊഗ്രാൽ: (KasargodVartha) ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള റീച്ചിലെ നടപ്പാത നിർമ്മാണങ്ങൾക്കെതിരെ വ്യാപകമായ പരാതി ഉയരുന്നു. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കുകയും നടപ്പാതകളുടെ ജോലികൾ നടന്നുവരുകയും ചെയ്യുമ്പോൾ, 'തട്ടിക്കൂട്ടി' ഉണ്ടാക്കിയ നിലവാരമില്ലാത്ത നിർമ്മാണം കാരണം പലയിടത്തും നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകി തുടങ്ങിയതാണ് കാൽനടയാത്രക്കാരെ ചൊടിപ്പിച്ചത്.
മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്താണ് ഇത്തരത്തിൽ ഇന്റർലോക്കുകൾ ഇളകി നടപ്പാതയുടെ തകർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവിടെ നടപ്പാത നിർമ്മിച്ചത്. മണ്ണുകൾ ഇളക്കി ഇന്റർലോക്കുകൾ പാകേണ്ട രീതിയിൽ, വേണ്ടത്ര അടിത്തറയില്ലാതെ 'ഒപ്പിക്കലി'ലൂടെ നിർമ്മിച്ച നടപ്പാതകളാണ് ഇപ്പോൾ തകർച്ച നേരിടുന്നത്.

ഇത്തരത്തിൽ 'തട്ടിക്കൂട്ടി' നടപ്പാത നിർമ്മിച്ചുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു അധികൃതർ എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. നടപ്പാതകൾ പലസ്ഥലങ്ങളിലും സമയം ലാഭിക്കാനും, ജോലി വേഗത്തിലാക്കാനും വേണ്ടി നിർമ്മാണ കമ്പനി അധികൃതർ അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്ന പരാതി നേരത്തെ തന്നെയുണ്ട്.
നടപ്പാതയുടെ കാര്യത്തിൽ സുപ്രീം കോടതി പോലും ഇടപെടൽ നടത്തിയ സാഹചര്യത്തിൽ, നടപ്പാത നിർമ്മാണം കാര്യക്ഷമമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം. മൊഗ്രാലിലെ നടപ്പാതയുടെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കാൽനടയാത്രക്കാരുടെ തീരുമാനം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Footpath interlocks upheave in Mogral due to sub-standard construction of National Highway 66.
#Mogral #NationalHighway66 #Footpath #ConstructionFlaws #Kasargod #PublicComplaint






