Coast | കാലവർഷം, കടലോര ജനതയുടെ ഭീതിയുടെ കാലം; സുരക്ഷയ്ക്ക് സമഗ്ര പഠനവും ശാസ്ത്രീയ പദ്ധതികളും വേണമെന്ന് ആവശ്യം
കാസർകോട്: (KasargodVartha) ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ പഠനവും ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യം. കടൽക്ഷോഭം, കടലാക്രമണം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കാലവർഷം തുടങ്ങിയാൽ കടലോര നിവാസികളുടെ നെഞ്ചിടിപ്പ് തുടങ്ങും. പതിറ്റാണ്ടുകളായി മീൻ തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികളുടെ ദുരിതക്കാഴ്ചയാണ് കടലോര മേഖലയിൽ കാണാനാവുന്നത്. തീരം തീരദേശവാസികൾക്ക് സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.
മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെ ഏകദേശം 85 കിലോമീറ്റർ കടൽത്തീരത്ത് വർഷാ വർഷം കടലാക്രമണം മൂലം തീരം 200 മുതൽ 300 മീറ്ററുകളോളം കടലെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. വീടുകളും തെങ്ങുകളും റോഡുകളും കടലാക്രമണത്തിൽ തകർന്നു വീഴുന്നു. ഇതുമൂലം ഓരോ വർഷവും കടലോര മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കടലാക്രമണം രൂക്ഷമായ ചില ഇടങ്ങളിൽ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ഉള്ളത്.
കടലാക്രമണം ചെറുക്കാൻ ചെറുതും വലുതുമായ കുറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും കടലേറ്റത്തെ ചെറുക്കാനുള്ള ശേഷി ഉണ്ടാവുന്നില്ല. സർകാർ ഖജനാവിന്റെ കുറെ പണം വർഷാവർഷം കടലിലിട്ടു കളയുന്നുവെന്ന് മാത്രം.
2017ൽ ജില്ലയിൽ തീരദേശ ജനതയുടെ ദുരിതമറിയാൻ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ നിയമസഭാ സമിതി സന്ദർശിച്ചിരുന്നു. ദുരിതം നേരിട്ടു മനസിലാക്കിയിട്ടും ശാസ്ത്രീയമായ ഒരു പദ്ധതികൾ പോലും നടപ്പിലാക്കാൻ സർകാരിന് കഴിഞ്ഞിട്ടില്ലെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
വർഷംതോറും ഉള്ള കടൽക്ഷോഭത്തിന് ദുരിതം പേറാൻ ഇനിയും കടലോര ജനതയ്ക്ക് ശക്തിയില്ല.
കാലവർഷം തുടങ്ങിയാൽ കടലിന്റെ ഒച്ച കേട്ട് ഉറക്കമില്ലാത്ത രാത്രികളാണ് കടലോര നിവാസികളുടെത്. അതുകൊണ്ടുതന്നെ കേന്ദ്രസർകാരിന്റെ സമഗ്രവും ശാസ്ത്രീയവുമായ തീര പരിപാലന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് മൊഗ്രാൽ ദേശീയവേദി വ്യക്തമാക്കുന്നത്. ഇതിനായി എംപിമാർ അടങ്ങുന്ന കേന്ദ്രസംഘം തീരപ്രദേശം സന്ദർശിക്കുകയും, ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കുകയും വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.