Complaint | വഴിയടച്ച റെയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി; സബ് വേ അനുവദിക്കാൻ നിർദേശം നൽകുമെന്ന് ചെയർമാൻ
മൊഗ്രാൽ: (KasaragodVartha) പടിഞ്ഞാറ് പ്രദേശത്തെ വിദ്യാർഥികളും വയോജനങ്ങളും അടക്കമുള്ള പ്രദേശവാസികൾക്ക് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂൺ കെട്ടി വിലക്ക് ഏർപ്പെടുത്തിയ റെയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷന് വീണ്ടും പരാതിയുമായി മൊഗ്രാൽ ദേശീയവേദി.
നേരത്തെ നൽകിയ പരാതിയിൽ റെയിൽവേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമീഷൻ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത സിറ്റിങിൽ പങ്കെടുത്ത് കൊണ്ട് ദേശീയവേദി ഭാരവാഹികൾ ആക്റ്റിങ് ചെയർമാൻ ജസ്റ്റിസ് കെ ബൈജുനാഥന് പരാതി സമർപ്പിച്ചത്.
മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് നിന്ന് 500 മീറ്റർ അകലെയും, മൊഗ്രാൽ നാങ്കി, ഗാന്ധിനഗർ കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുമുള്ള കൊപ്പളം അടിപ്പാത പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് റെയിൽവേ കാര്യാലയം നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഇത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണെന്ന് ദേശീയവേദി ഭാരവാഹികൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടിയന്തിര പരിഹാരമെന്ന നിലയിൽ മൊഗ്രാൽ മീലാദ് നഗർ, നാങ്കി, കടപ്പുറം വലിയ ജുമാ മസ്ജിദിന് മുൻവശം എന്നിവിടങ്ങളിൽ 'കലുങ്ക്' രൂപത്തിൽ നടന്നുപോകാനുള്ള സബ് വേ അനുവദിച്ചു തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് മനുഷ്യാവകാശ കമീഷനെ ദേശീയവേദി ഭാരവാഹികൾ ധരിപ്പിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാൻ പാലക്കാട് റെയിൽവേ കാര്യാലയത്തിന് നിർദേശം നൽകുമെന്ന് ആക്ടിങ് ചെയർമാൻ അറിയിച്ചതായി ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
നിലവിൽ കൊപ്പളം, മൊഗ്രാൽ മീലാദ് നഗർ, തായലങ്ങാടി പ്രദേശങ്ങളിൽ റെയിൽപാളം മുറിച്ചുകടക്കുന്ന വഴികൾ കൊട്ടിയടച്ചിരിക്കുകയാണ്. ബദൽ സംവിധാനം ഒരുക്കിയിട്ടുമില്ലെന്നും ആരോപണമുണ്ട്. റെയിൽ പാളം മുറിച്ചുകടക്കാനുള്ള പ്രധാന വഴികൾ അടച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. ഇത്തരമൊരു സാഹര്യത്തിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്.