Complaint | കെട്ടിടത്തിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കൗൺസിലർ
* തദ്ദേശ സ്വയംഭരണ വകുപ്പിനും മനുഷ്യാവകാശ കമീഷനും പരാതി നൽകാൻ നീക്കം
കാസർകോട്: (KasaragodVartha) നഗരത്തിലെ സ്വകാര്യ കെട്ടിടത്തിൽ നിന്നും മലിനജലം, നിരവധി പേർ ദിനേന കടന്നുപോകുന്ന റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. ഫിഷ് മാർകറ്റ് - ഫോർട് റോഡിൽ സ്ഥിതി ചെയ്യുന്ന സുപ്രീം ടവർ എന്ന കെട്ടിടത്തിനെതിരെയാണ് ആരോപണം. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഫിഷ് മാർകറ്റ് വാർഡ് കൗൺസിലർ ഹസീന നൗശാദ് പറഞ്ഞു.
സ്ഥിരമായി വലിയ തോതിൽ മലിനവെള്ളം റോഡിലേക്കൊഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പരാതി. നിർമാണം പൂർത്തിയാക്കുന്ന വേളയിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടാണ് കെട്ടിട്ട നിർമാണം പൂർത്തീകരിച്ചതെന്ന് പരിശോധന ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും പിന്നീടെല്ലാം നിയമവിരുദ്ധമാക്കി തരംമാറ്റുകയുമാണ് ഉണ്ടായതെന്നുമാണ് കൗൺസിലർ പറയുന്നത്.
മുഴുവൻ മുറികളും വാടകയ്ക്ക് നൽകുന്നുണ്ടെങ്കിലും നഗരസഭ - റവന്യു രേഖകളിൽ മുറികലധികവും ഒഴിവ് എന്ന് രേഖയുണ്ടാക്കിയതായും ഇത്തരം നികുതി വെട്ടിപ്പിലൂടെ ഭീമമായ സാമ്പത്തിക നഷ്ടം കൂടി നഗരസഭയ്ക്കുണ്ടാവുന്നുണ്ടെന്നുമാണ് ആക്ഷേപം.
ശുചിമുറികൾക്കനുസൃതമായ സെപ്റ്റിക് ടാങ്കുകളോ മാലിന്യ സംസ്കരണസംവിധാനമോ ഈ കെട്ടിടത്തിന് ഇല്ലെന്നും ഉന്നത സ്വാധീനമാണ് നിയമ ലംഘനത്തിന് കാരണമെന്നുമാണ് പരാതി. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിനും മനുഷ്യാവകാശ കമീഷനും പരാതി നൽകാനൊരുങ്ങുകയാണ് ഹസീന നൗശാദ്.