Online Scam | ഹോട് സ്റ്റാറിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ഗുഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ചയാളുടെ 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
*കസ്റ്റമര്‍ കെയര്‍ വിളിച്ചപ്പോള്‍ കോള്‍ കട് ചെയ്ത് മറ്റൊരു നമ്പറില്‍ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു.
*തട്ടിപ്പിന് പിന്നില്‍ വലിയ റാകറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ സൂചന.
*സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി.
കാസര്‍കോട്: (KasargodVartha) ഹോട് സ്റ്റാര്‍ ചാനല്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് നമ്പറില്‍ ആക്ടിവേഷന്‍ ചെയ്യാന്‍ വിളിച്ചയാളുടെ ബാങ്ക് അകൗണ്ടില്‍നിന്നും 19 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. കുമ്പള കുണ്ടങ്കാറഡുക്ക അനൂപ് നിലയത്തില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറേന റാംപൂര്‍ കാലാല്‍ സ്വദേശി ബ്രജ്‌മോഹന്‍ദക്കാഡിന്റെ (42) പണമാണ് നഷ്ടമായത്.
ഇക്കഴിഞ്ഞ മാര്‍ച് 28ന് ഉച്ചക്ക് 1.54 നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഹോട് സ്റ്റാര്‍ ആക്ടിവേഷന്‍ ചെയ്യുന്നതിനായി ബന്ധപ്പെടാന്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോളാണ് പണം തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്.
കസ്റ്റമര്‍ കെയര്‍ വിളിച്ചപ്പോള്‍ കോള്‍ കട് ചെയ്ത് 9907292880 എന്ന മറ്റൊരു നമ്പറില്‍ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു. പിന്നീട് പ്ലേ സ്റ്റോറില്‍ നിന്നും അവ്വല്‍ഡെസ്‌ക് (Avvaldesk) എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും പരാതിക്കാരന്റെ മൊബൈലിലുള്ള ഐസിഐസി ബാങ്കിന്റെ മൊബൈല്‍ ആപില്‍ ഒടിപി നമ്പര്‍ കോഡ് അടിച്ച് ചേര്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അടിച്ചപ്പോള്‍ 90986 രൂപ ഡെബിറ്റ് ആകുകയും പിന്നീട് പരാതിക്കാരന്‍ അറിയാതെ, ഇയാളുടെ ഐസിഐസി ബാങ്കില്‍ നിന്ന് 18,11,741 രൂപ ഓണ്‍ലൈനായി വായ്പയെടുത്ത് അകൗണ്ടില്‍ ക്രെഡിറ്റ് ആക്കുകയും വൈകാതെ, പരാതിക്കാരന്‍ അറിയാതെ പലതവണയായി അകൗണ്ടില്‍നിന്നും പണം പിന്‍വലിക്കുകയുമായിരുന്നു.
ഡിസ്നി ഹോട് സ്റ്റാര്‍ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി വന്‍തുക തട്ടിയതിന്റെ പേരിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വലിയ റാകറ്റ് തന്നെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.
ദേശീയപാത നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത് ജോലിചെയ്യുന്ന യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പണം പിന്‍വലിച്ച വഴികളടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.