Complaint | കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെ വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും അപകടം നിറഞ്ഞ റോഡരികിലെന്ന് ആക്ഷേപം: കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി
* പാര്‍കിംഗ് സൗകര്യവുമില്ല
* വിദ്യാലയത്തില്‍ വിശാലമായ പാര്‍കിംഗിനുള്ള സ്ഥലമുണ്ട്
വിദ്യാനഗര്‍: (KasargodVartha) കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും അപകടം നിറഞ്ഞ റോഡരികിലെന്ന് ആക്ഷേപം. ചെര്‍ക്കളം അബ്ദുല്ല ഫൗൻഡേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി. വിദ്യാനഗര്‍ ഉദയഗിരിയിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ (നമ്പർ രണ്ട്) പഠിക്കുന്ന കുട്ടികളെ സ്വകാര്യ വാഹനങ്ങളില്‍ രാവിലെ കൊണ്ട് വിടുന്നതും വൈകുന്നേരം തിരിച്ച് കൊണ്ടുപോകുന്നതും സ്‌കൂളിന് മുന്നില്‍ വീതി കുറഞ്ഞ, പാര്‍കിംഗ് സൗകര്യമില്ലാത്ത റോഡരികിലാണെന്ന് പരാതിയിൽ പറയുന്നു.
ഈ രീതിയില്‍ കുട്ടികളെ വാഹനത്തില്‍ കയറ്റുന്നത് വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിദ്യാനഗര്‍ - ഉളിയത്തടുക്ക റൂട്ടില്‍ മിക്ക വാഹനങ്ങളും അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഭാരവാഹനങ്ങള്‍ അടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്. കുട്ടികള്‍ റോഡരികില്‍ ഇറങ്ങി നില്‍ക്കുന്നത് അപകടത്തിൽ പെടാന്‍ സാധ്യതയുണ്ടെന്ന് മിക്ക രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
കേന്ദ്രീയ വിദ്യാലയത്തില്‍ വിശാലമായ പാര്‍കിംഗിനുള്ള സ്ഥലവും രണ്ട് ഗേറ്റുകളും ഉള്ളപ്പോഴാണ് സ്‌കൂള്‍ വളപ്പിനകത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാതിരിക്കുന്നതെന്നാണ് വിമർശനം. കുട്ടികളെയും കയറ്റി വരുന്ന വാഹനങ്ങള്‍ വളപ്പിനകത്തേക്ക് കടത്തിവിടുന്നതിന് നിയമ തടസങ്ങള്‍ ഒന്നും നിലവിലില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.