Central University | കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥ കുഴഞ്ഞുവീണതായി പരാതി
Complaint Female officer of Central University collapsed
Central University | കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥ കുഴഞ്ഞുവീണതായി പരാതി; ഒരാഴ്ചയ്ക്കകം മാപ്പുപറഞ്ഞില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ നോടീസ് നല്‍കി
പെരിയ: (KasargodVartha) കേരള കേന്ദ്രസര്‍വ്വകലാശാല വിസി ഇന്‍ചാര്‍ജ് ഭയപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായും തുടര്‍ന്ന് ഐടി വിഭാഗം ഉദ്യോഗസ്ഥ കുഴഞ്ഞ് വീണതായും പരാതി. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥൻ തൊട്ട് സെക്ഷന്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വി സി ഇന്‍ചാര്‍ജിന്റെ കാബിൻ വളഞ്ഞ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നതും തിടർന്ന് പ്രതിഷേധവും നടന്നതും.
വനിതാ ഉദ്യോഗസ്ഥയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യ ചികിത്സ നൽകിയതായും ഒരാഴ്ചയ്ക്കകം വൈസ് ചാന്‍സിലര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രജിസ്ട്രാര്‍ക്ക് നോടീസ് നല്‍കിയതായും ബന്ധപ്പെട്ടവർ കാസർകോട് വാർത്തയോട് പറഞ്ഞു.
എന്താണ് സംഭവിച്ചത്? പ്രതിഷേധം സംഘടിപ്പിച്ച ജീവനക്കാർ പറയുന്നതിങ്ങനെ:
‘കേരള കേന്ദ്ര സര്‍വകലാശാലയുടെ എക്‌സിക്യൂടീവ് കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ വച്ച് ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചിരുന്നു. യോഗം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് യാദൃശ്ചികമായി ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. ഇതിനെ തുടര്‍ന്ന് കുപിതനായ വിസി ഇന്‍ചാര്‍ജ് പ്രൊഫ. കെസി ബൈജു ചുമതലക്കാരായ ജീവനക്കാരെ ശകാരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ജീവനക്കാര്‍ മറുപടിയും നല്‍കി. എന്നാല്‍ ഇതില്‍ തൃപ്തനാകാതിരുന്ന കെ സി ബൈജു ചുമതലയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെ വിസി യുടെ മുറിയിലേക്ക് വിളിച്ച് വരുത്തി മോശമായ ഭാഷയില്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞ് അപമര്യാദയായി പെരുമാറുകയായിരുന്നു’.
‘കുഴഞ്ഞു വീണ ഉദ്യോഗസ്ഥ ചികിത്സ തേടി’
സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിന് വിധേയയായ ഉദ്യോഗസ്ഥ കുഴഞ്ഞ് വീണു, പിന്നീട് സഹപ്രവര്‍ത്തകര്‍ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമ്പസിൽ ചർച്ചയായി; തുടർന്ന് പ്രതിഷേധം
വിഷയം ചര്‍ച്ചയായതോടെ ഭരണ വിഭാഗം ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് വിസി ഇന്‍ചാര്‍ജ് കെസി ബൈജുവിന്റെ ക്യാബിന്‍ വളഞ്ഞ് പ്രതിഷേധിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും സെക്ഷന്‍ ഓഫീസര്‍ അടക്കമുള്ള വനിതാ ജീവനക്കാരും വിഷയം സംസാരിക്കാനായി വിസിയുടെ കാബിനില്‍ പ്രവേശിച്ചെങ്കിലും ഓരോരുത്തരേയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലായിരുന്നു കെസി ബൈജുവിന്റെ പെരുമാറ്റം.
സംഭവത്തിൽ വിസി ഇന്‍ചാര്‍ജ് കെസി ബൈജു ഒരാഴ്ചയ്ക്കകം മാപ്പ് പറയാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സംഘടന നോടീസ് നല്‍കിയിട്ടുണ്ട്.
വിസി ഇന്‍ചാര്‍ജിനൊപ്പം സര്‍പ്പകലാശാലയിലെ ഒരു അസിസ്റ്റന്റ് രജിസ്ട്രാറും സെക്യൂരിറ്റി ഓഫീസറും തന്നെ അപമാനിക്കാന്‍ കൂട്ടുനിന്നതായും വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്..
കൂടുതൽ ആരോപണങ്ങൾ; പരാതികൾ ഉന്നതങ്ങളിലേക്ക്
കേരള കേന്ദ്രസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന എച് വെങ്കടേശ്വരലു അന്തരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് പ്രൊഫ. കെ സി ബൈജു വി സി ഇന്‍ചാര്‍ജ് ആയി ചുമതലയേറ്റത്. അന്ന് മുതല്‍ തന്നെ ഇദ്ദേഹം വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് അസഭ്യം നിറഞ്ഞ ഭാഷയിലാണ് സംസാരിച്ചിരുന്നത്.
പലരും മാനഹാനി ഭയന്നും പ്രൊഫ. കെ.സി ബൈജുവിന്റെ പ്രതികാര നടപടികളെ ഭയന്നുമാണ് സംഭവം പുറത്ത് പറയാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥരുടെ ജീവനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയതിനാലാണ് പ്രൊഫ. കെ.സി ബൈജുവിനെതിരെ പരസ്യ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ പറയുന്നു. കെ.സി ബൈജുവിന്റെ പെരുമാറ്റദൂഷ്യത്തിനെതിരെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാര്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
സര്‍വകലാശാല രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ പലപ്പോഴായി വി സിയുടെ കാബിനിലേക്ക് വിളിച്ചുവരുത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് പ്രൊഫ. കെ സി ബൈജു കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സംസാരിച്ച് മാനസിക സമ്മര്‍ദമേല്‍പ്പിക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. രജിസ്ട്രാറുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ ജീവനക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
മുമ്പ് പ്രൊഫ. കെസി ബൈജുവിന് കീഴില്‍ ഇകണോമിക്‌സ് വിഭാഗത്തിൽ ഗവേഷണം ചെയ്തിരുന്ന രണ്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റദൂഷ്യത്തിനെതിരെയും മാനസിക പീഡനത്തിനെതിരെയും മുന്‍ വിസി എച് വെങ്കടേശ്വരലുവിന് പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥി കടുത്ത മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ പോയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് വിദ്യാര്‍ഥി സാധാരണ നിലയിലെത്തിയത്. ഇതിനെ തുടര്‍ന്ന് വെങ്കടേശ്വരലു ഇടപെട്ട് ഈ ഗവേഷണ വിദ്യാര്‍ഥികളുടെ ഗൈഡ്ഷിപിൽ നിന്നും കെ.സി ബൈജുവിനെ മാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
അടുത്തിടെയായി കേന്ദ്രസര്‍വ്വകലാശാലയിലെ ഒരു പിജി വിദ്യാര്‍ഥിയും മറ്റൊരു പി എച് ഡി വിദ്യാര്‍ഥിനിയും ജീവനൊടുക്കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനായി സൈകോളജിസ്റ്റിനെ അടിയന്തരമായി നിയമിക്കുമെന്ന് പ്രൊഫ. കെസി ബൈജു ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.
വിസി ഇന്‍ചാര്‍ജിന്റെ കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സൈകോളജിസ്റ്റിനെ നിയമിക്കാത്തത് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്.
കടുത്ത പെരുമാറ്റദൂഷ്യള്ളതായി കാണിച്ചും കെസി ബൈജുവിനെ വിസി ഇന്‍ചാര്‍ജ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും യുജിസിക്കും കത്തയക്കുമെന്നും ദേശീയ- സംസ്ഥാന വനിതാ കമീഷനുകള്‍ക്കും പരാതി നല്‍കുമെന്നും പ്രതിഷേധക്കാർ പറയുന്നു.