Complaint | ഷോറൂമിൽ സർവീസിന് വെച്ച പുതിയ വാഹനത്തിൽ നിന്നും പെട്രോൾ നഷ്ടപ്പെട്ടതായി പരാതി
'24 മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന് വാഗ്‌ദാനം നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ല'
കാസർകോട്: (KasaragodVartha) സർവീസിനായി ഷോറൂമിൽ വെച്ച വാഹനത്തിൽ നിന്നും പെട്രോൾ നഷ്ടപ്പെട്ടതായി കാറിൻ്റെ ഉടമസ്ഥയുടെ മകൻ മുസ്ത്വഫയും സാമൂഹ്യ പ്രവർത്തകരും കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പെരിയയിൽ പ്രാർത്തിക്കുന്ന വിപികെ മോടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള ടൊയോടയുടെ ഷോറൂമും സർവീസ് സെന്ററുമായ അമാന ടൊയോടയിൽ 2024 മെയ് 21 ന് സർവീസിനായി വെച്ച കുണ്ടംകുഴി ചേടികുണ്ട് മരുതടുക്ക സ്വദേശിനിയായ ആസിയയുടെ പേരിലുള്ള ടൊയോട ഇനോവ ഹൈക്രോസിൽ നിന്നാണ് പെട്രോൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നത്.
മുസ്ത്വഫ പറയുന്നത് ഇങ്ങനെ: 'സർവീസിന് നൽകുമ്പോൾ ഫ്യൂവൽ മീറ്ററിൻ്റെ ചിത്രം സർവീസ് അധികാരിയുടെ മേൽനോട്ടത്തിൽ എടുത്തിരുന്നു. ടാങ്കിൽ പകുതിക്കടുത്ത് പെട്രോൾ ഉണ്ടായിരുന്നു. സർവീസ് കഴിഞ്ഞ് വണ്ടി തിരികെ നൽകുന്ന സമയത്ത് പെട്രോളിൻ്റെ അളവിൽ കുറവ് കാണിക്കുകയും പരാതി പറഞ്ഞപ്പോൾ വണ്ടി സർവീസിന് നൽകുമ്പോൾ എടുത്ത ഫ്യൂവൽ മീറ്ററിൻ്റെ ഫോടോ പരിശോധിക്കുകയും ചെയ്തു. പെട്രോൾ നഷ്ടപ്പെട്ടുവെന്ന് ഷോറൂം അധികാരികൾക്ക് ബോധ്യമായതിൻ്റെ അടിസ്ഥാനത്തിൽ അവർ ഇക്കാര്യം സമ്മതിക്കുകയും നഷ്ടപ്പെട്ടു എന്നുള്ള സമ്മതപത്രം എഴുതി ഒപ്പിട്ട് സീൽവെച്ച് നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ടൊയോടയുടെ ബെംഗ്ളൂറിലെ ഹെഡ് ഓഫീസ് പരാതി അയക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ വണ്ടിയുടെ ഉടമസ്ഥയെ വിളിക്കുകയും 24 മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്തു. എന്നാൽ ഇത്ര ദിവസമായിട്ടും യാതൊരു പരിഹാരവും കാണാത്തതിൽ ഉടമസ്ഥ ഉപഭോകൃത തർക്ക പരിഹാര ഫോറത്തിലും, ബേക്കൽ പൊലീസിലും മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്'.
തങ്ങളുടെ വിലപ്പിടിപ്പുള്ള വാഹനങ്ങൾ ഷോറൂം അധികൃതരുടെ ഉത്തരവാദിത്തത്തിലാണ് ഏൽപിച്ചു പോകുന്നതെന്നും അവരുടെ ഭാഗത്ത് നിന്നു തന്നെ ഇത്തരത്തിലുള്ള നിരുത്തരവാദിത്ത പ്രവർത്തനം നടത്തുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടിയാന്നെന്നും മുസ്ത്വഫയും സാമൂഹ്യ പ്രവർത്തകരും കുറ്റപ്പെടുത്തി. വാഹനങ്ങളിൽ നിന്നും സ്പെയർ പാർടുകളോ മറ്റോ മാറ്റിയിടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പാരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സുബൈർ പടുപ്പ്, ഹമീദ് ചേരങ്കൈ, പുരുഷോത്തമ എന്നിവരും സംബന്ധിച്ചു.