Complaint | ഭക്ഷണ മാലിന്യം ശേഖരിച്ച് സ്വകാര്യ സ്ഥലത്ത് കൊണ്ടിടുന്നതായി ആക്ഷേപം; ദുർഗന്ധം അസഹനീയമെന്ന് സമീപവാസികൾ; അധികൃതർക്ക് പരാതി

● മൊഗ്രാൽ കടപ്പുറത്താണ് സംഭവം.
● ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി പരാതി
● കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
● ജില്ലാ എൻഫോഴ്സ്മെന്റിനെ സമീപിക്കാനും തീരുമാനം.
മൊഗ്രാൽ: (KasargodVartha) കരാർ അടിസ്ഥാനത്തിൽ വിവാഹ ഹാളുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ തുടങ്ങിയ മാലിന്യങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും മൊഗ്രാൽ കടപ്പുറത്ത് സ്വകാര്യ പറമ്പിൽ കൊണ്ട് തള്ളുന്നതായി പരാതി. അസഹീഹ്യമായ ദുർഗന്ധം മൂലം സമീപത്തെ വീട്ടുകാർ കുമ്പള സിഎച്ച്സിയിലെ ആരോഗ്യവകുപ്പ് അധികൃതർക്കും, കുമ്പള ഗ്രാമപഞ്ചായത്തിനും പരാതി നൽകി.
ഇത് കഴിഞ്ഞ ആറുമാസത്തോളമായി തുടരുകയാണെന്നാണ് ആക്ഷേപം. ഭക്ഷണാവശിഷ്ടം കൊണ്ടിടുന്നവരോട് നേരിട്ട് സമീപത്തെ വീട്ടുകാർ ഇത് ഇവിടെ ആവർത്തിക്കരുതെന്ന് പറഞ്ഞിട്ടും കേൾക്കുന്നില്ലെന്നാണ് പരാതി. ഇവ പിന്നീട് തീയിട്ട് നശിപ്പിക്കുന്നതായും പറയുന്നു. ഇത് സമീപത്തെ വീട്ടുകാർക്ക് ഏറെ ദുരിതമാകുന്നുമുണ്ട്.
ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്ത് മെമ്പറുമടക്കം നേരത്തെ പലതവണ സ്ഥലം സന്ദർശിച്ചു ഭക്ഷണാവശിഷ്ടം കൊണ്ടിടുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് പിഴ അടക്കമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്നാണ് വിമർശനം. അതുകൊണ്ടാണ് ഇത് തുടർന്നും ആവർത്തിക്കുന്നതെന്ന് പരിസരപ്രദേശവാസികൾ പറയുന്നു.
തിങ്കളാഴ്ചയും ആരോഗ്യവകുപ്പ് അധികൃതർ പ്രദേശവാസികളുടെ പരാതി പ്രകാരം സ്ഥലം സന്ദർശിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെയും, പഞ്ചായത്തിന്റെയും ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടായില്ലെങ്കിൽ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റിനെ വിവരമറിയിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
Residents of Mogral are suffering due to the dumping of food waste in a private area near the beach. The unbearable stench is causing health problems. Despite complaints to the authorities, no action has been taken. Locals are demanding strict action against those responsible and are threatening to approach the district enforcement if the health department and panchayat fail to act.
#FoodWaste #Mogral #HealthHazard #Cleanliness #LocalIssue #Complaint