സ്‌കൂട്ടറിന്റെ കേടായ ബാറ്ററി മാറ്റി നല്‍കിയില്ല: നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Apr 7, 2012, 13:42 IST
കാസര്‍കോട്: സ്‌കൂട്ടറിന്റെ കേടായ ബാറ്ററി മാറ്റി നല്‍കാത്തതിന് ഷോറും അധികൃതരോട് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. കളനാട്ടെ കോടങ്കൈ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല കുഞ്ഞിയുടെ പരാതിയിലാണ് കോടതി ഉത്തരവിട്ടത്. അബ്ദുല്ല കുഞ്ഞി 2011ല്‍ വാങ്ങിയ കെ. എല്‍ 14 കെ. 3505 ആക്ടീവ ഡീലക്‌സ് സ്‌കൂട്ടറിന്റെ ബാറ്ററി ആറുമാസത്തിനുള്ളില്‍ തന്നെ കേടാകുകയായിരുന്നു. ഇത് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് അടുക്കത്ത് ബയലിലെ പേയ്‌സ് മോട്ടോഴ്‌സ് ഷോറൂം അധികൃതരെ സമീപിച്ചപ്പോള്‍ ബാറ്ററി മാറ്റി നല്‍കിയില്ലെന്നാണ് പരാതി. റീപ്ലേസിംഗ് വാറന്റി ഉളളതാണ് ബാറ്ററി. സ്‌കൂട്ടര്‍ ഷോറൂമില്‍ കയറ്റിവെച്ച അധികൃതര്‍ ആഴ്ചകളോളം ബാറ്ററി വന്നില്ലെന്ന് പറഞ്ഞ് അബ്ദുല്ല കുഞ്ഞിയെ കബളിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ അബ്ദുല്ല കുഞ്ഞി 150 രൂപ ദിവസ വാടകയ്ക്ക് മറ്റൊരു സ്‌കൂട്ടര്‍ ഉപയോഗിച്ച് വരികയായിരുന്നു. തനിക്ക് നേരിട്ട നഷ്ടം നികത്തണമെന്നും പുതിയ ബാറ്ററി അനുവദിക്കണമെന്നും സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ നല്‍കേണ്ട ഹെല്‍മറ്റ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുല്ല കുഞ്ഞി ഉപഭോക്ത കോടതിയെ സമീപിച്ചത്.പുതിയ ബാറ്ററി നല്‍കാനും 2,000 രൂപ നഷ്ടപരിഹാരവും ഒരുമാസത്തിനുള്ളില്‍ നല്‍കാനുമാണ് ഉത്തരവ്.
Keywords: Kasaragod, Court order, Honda Activa