Fundraiser | ജോയന്റെ ജീവൻ രക്ഷിക്കാൻ നാടൊന്നിച്ച ബിരിയാണി വിരുന്ന്
മാലോം: (KasargodVartha) വള്ളിക്കടവ് സ്വദേശിയായ ജോയന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ നാട്ടുകാർ ഒന്നിച്ച് ഒരു ബിരിയാണി ചലഞ്ച് തുടങ്ങി. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഈ പദ്ധതി വളരെ പെട്ടെന്ന് വലിയൊരു ജനകീയ കൂട്ടായ്മയായി മാറി.
ഡാർലിൻ ജോർജ് കടവനും ഗിരീഷ് വട്ടക്കാട്ടും ആരംഭിച്ച ചെറിയൊരു വാട്സാപ്പ് ഗ്രൂപ്പ് പെട്ടെന്ന് വലിയൊരു ചരിത്രമയി. മാലോത്ത് കസബ സ്കൂളിലെ അദ്ധ്യാപകർ, വിവിധ ക്ലബ്ബുകൾ, യുവജന സംഘടനകൾ എന്നിവരും മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളും ഈ പദ്ധതിയെ പിന്തുണച്ചു. മൂന്ന് ക്ലബ്ബുകൾ രണ്ട് ലക്ഷം രൂപയും, പറമ്പയിലെ യുവജന കൂട്ടായ്മ ഒരു ലക്ഷം രൂപയും സംഭാവനയായി നൽകി.
35 ക്വിന്റൽ കോഴി, 16 ക്വിന്റൽ അരി, ഏഴ് ക്വിന്റൽ സവോള, 300 ലിറ്റർ വെളിച്ചെണ്ണ, നൂറോളം ചെമ്പുകൾ, 16 അടുപ്പുകൾ, നാല് ലോഡ് വിറക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി വിതരണം ചെയ്തു. 500 ൽ അധികം ആളുകൾ സ്വയം സന്നദ്ധരായി സേവനം ചെയ്തു. മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം, അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദ് കുമാർ പി.ജി., കൊന്നക്കാട് ഖത്വീബ് മുഹമ്മദ് റാഷിദ് ഹിമമി സഖാഫി ബങ്കളം എന്നിവർ ചേർന്ന് ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു.
ഗിരീഷ് വട്ടക്കാട്ട് ചെയർമാനും ജോബി കാര്യവിൽ ജനറൽ കൺവീനറും, വിനോദ് കുമാർ പി ജി ട്രഷറും, ഡാർലിൻ ജോർജ് കടവൻ മീഡിയ കോർഡിനേറ്ററുമായിരുന്നു കമ്മിറ്റിയുടെ നേതൃത്വം. ചികിത്സ കമ്മിറ്റി ചെയർമാൻ രാജു കട്ടക്കയം, എൻ.ഡി. വിൻസെന്റ്, ആൻഡ്രൂസ് വട്ടക്കുന്നേൽ, ടി.കെ.എവുജിൻ, ജോൺസൺ ചിറയത്ത്, ഷോബി ജോസഫ്, പി.സി.രഘുനാഥൻ, അലക്സ് നെടിയകാല, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ടോമി, പ്രിൻസ്, മിനി നാമറ്റം, സിബിച്ചൻ പുളിങ്കാല, മുസ്തഫ പി പി, ശ്രീജ, വിൻസെന്റ് കുന്നോല, ഷോണി ജോർജ്, അമൽ, ജോമോൻ പിവി, ജെയിംസ്, ഓമന, ബിബിൻ ഈഴക്കുന്നെൽ, ,സോമേഷ്, വിഷ്ണു, സുബിത്ത്, ഷിജോമോൻ എന്നിവർ നേതൃത്വം നൽകി.
ഈ പദ്ധതിയിലൂടെ ഏഴ് ലക്ഷം രൂപയോളം സമാഹരിച്ചു. ജോയന്റെ ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. ഈ സംഭവം മറ്റുള്ളവർക്ക് മാതൃകയാണ്. സമാനമായ സാഹചര്യങ്ങളിൽ സഹായത്തിനായി മുന്നോട്ടു വരാനുള്ള പ്രചോദനമാകുമെന്ന കാര്യത്തിലും സംശയമില്ല..