Campaign | മാലിന്യമുക്ത കാസർകോടിനായി ഒറ്റക്കെട്ടായി സമൂഹം; വലിച്ചെറിയൽ വിരുദ്ധ വാരാചരണം ശ്രദ്ധേയമായി
● മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം.
● 'മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്
● വിവിധ സംഘടനകളും സ്ഥാപനങ്ങളും ഈ കാമ്പയിനിൽ പങ്കാളികളായി
കാസർകോട്: (KasargodVartha) 'മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയൽ വിരുദ്ധ വാരാചരണം ജില്ലയിൽ വിവിധ പരിപാടികളോടെ ശ്രദ്ധേയമായി. പുതുവത്സരദിനം മുതൽ ഒരാഴ്ച നീണ്ടുനിന്ന ഈ കാമ്പയിൻ, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുങ്ങുമ്പോഴും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരേ മനസ്സോടെ കൈകോർത്തുകൊണ്ട് ജില്ലയിലെ മാലിന്യ പ്രശ്നത്തിനെതിരെ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. പൊതുവിടങ്ങൾ ജനകീയ സമിതികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ കാര്യങ്ങളാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ'; കാസർകോട് നഗരസഭയുടെ വലിച്ചെറിയൽ വിരുദ്ധ വാരാചരണം
കാസർകോട്: നഗരസഭയുടെ നേതൃത്വത്തിൽ 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം വിവിധ പരിപാടികളോടെ ശ്രദ്ധേയമായി. ശുചിത്വ മിഷൻ, ഗവ. കോളജ് എൻഎസ്എസ് യൂണിറ്റ്, ദഖീറത് സ്കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്‌തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, എച്ച്.ഐ നിസ്സാം, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വമിഷൻ ഐ.ഇ.സി കോർഡിനേറ്റർ സനൽ കുമാർ സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ മധുസൂധനൻ നന്ദിയും പറഞ്ഞു.
വാരാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ചുമർച്ചിത്ര രചന, ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള കലാസൃഷ്ടികളുടെ പ്രദർശനം (വേസ്റ്റ് ടു ആർട്ട്), വാതിൽ പടിയായുള്ള വിവരലേഖ വിതരണം (ഐ.ഇ.സി ലഘുലേഖ വിതരണം), സെൽഫി പോയിന്റ് ഉദ്‌ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
ശ്രദ്ധേയമായി ഫ്ലാഷ് മോബും നാടകവും റാലിയും
കാഞ്ഞങ്ങാട്: ശുചിത്വ മിഷൻ കാസർകോട്, കാഞ്ഞങ്ങാട് നഗരസഭ, എസ്പിസി പ്രൊജക്റ്റ് കാസർകോട്, ജനമൈത്രി പൊലീസ് ഹൊസ്ദുർഗ്, നെഹ്റു കോളജിലെ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടികൾ ശ്രദ്ധേയമായി. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഫ്ലാഷ് മോബ്, നാടകം, റാലി എന്നിവ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി പി ബാലകൃഷ്ണൻ നായർ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി സരസ്വതി, കേല കെ പ്രഭാവതി, നഗരസഭാ സെക്രട്ടറി മനോജ് എൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ കെ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ജയൻ പി, അസിസ്റ്റന്റ് കോർഡിനേറ്റർ സനൽ എം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജ്ഞാനേശ്വരി, സോഷ്യൽ പൊലീസ് ഡിവിഷൻ കൺവീനർ രാമകൃഷ്ണൻ ചാലിങ്കാൽ, ജനമൈത്രി ബീറ്റ് പ്രദീപൻ കോതൊളി സംസാരിച്ചു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ സ്വാഗതവും എസ്പിസി അഡീഷണൽ നോഡൽ ഓഫീസർ തമ്പാൻ ടി നന്ദിയും പറഞ്ഞു.
ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെയും എസ്പിസി കേഡറ്റുകൾ, നെഹ്റു കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നീലേശ്വരം: വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ്/വായനശാല പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷംസുദ്ദീൻ അരിഞ്ചിറ, പി. ഭാർഗവി, സി.ഡി.എസ്. ചെയർപേഴ്സൺ പി.എം. സന്ധ്യ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. ദേവരാജൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നയിച്ചു. നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.
#CleanKasargod #AntiLittering #WasteManagement #Kerala #SwachhBharat #CommunityAction