വര്‍ഗീയ സംഘര്‍ഷം: കൊടി തോരണങ്ങള്‍ ഉടന്‍ നീക്കും
Apr 9, 2012, 16:15 IST

കാസര്‍കോട്: ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരകമാവും വിധം മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങള്‍ നീക്കം ചെയ്യാനും ചായം പൂശിയ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും തീരുമാനമായി. ഇക്കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല യോഗമാണ് തീരുമാനമെടുത്തത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ ആദ്യം വൃത്തിയാക്കും. വീണ്ടും ചായം പൂശുകയും തോരണം സ്ഥാപിക്കുകയും ചെയ്താല്‍ ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും കേസ് രജിസ്റര്‍ ചെയ്യുകയും ചെയ്യും.
കഴിഞ്ഞ ദിവസം ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് ഈ തീരുമാനം. പാതയോരങ്ങളില്‍ അനധികൃതമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതും ഇലക്ട്രിക് പോസ്റുകള്‍, ബസ് ഷെല്‍ട്ടറുകള്‍, റോഡുകള്‍ എന്നിവ വിവിധ മതസംഘടനകളും പാര്‍ട്ടികളും ചായം തേച്ച് കൈയ്യടക്കാന്‍ ശ്രമിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരകമാവുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി കര്‍ക്കശമാക്കുന്നത്.
മതസ്ഥാപനങ്ങളുടെയും സംഘടനകളുടെയും പരിപാടികളോടനുബന്ധിച്ച്, മുന്‍കൂര്‍ അനുമതിയോടെ നിശ്ചിത സ്ഥല പരിധിയില്‍ മൂന്ന് ദിവസം മുമ്പ് മാത്രമേ കൊടിതോരണങ്ങള്‍ സ്ഥാപിക്കാവൂ. പരിപാടി കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ സംഘാടകര്‍ തന്നെ ഇത് നീക്കം ചെയ്യണം. സംഘാടകരില്‍ നിന്ന് നിശ്ചിത തുക മുന്‍കൂര്‍ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. തോരണങ്ങള്‍ സ്വയം നീക്കി സ്ഥലം വൃത്തിയാക്കിയാല്‍ നിക്ഷേപ തുക തിരികെ നല്‍കും. അല്ലെങ്കില്‍ ഈ തുക ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ അവ നീക്കം ചെയ്യും. പൊതുവഴികളില്‍ അനധികൃതമായി തോരണം സ്ഥാപിക്കുകയും ചായം പൂശുകയും ചെയ്യുന്നവര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് കര്‍ശന നടപടി കൈക്കൊള്ളും.
ഇലക്ട്രിക് പോസ്റുകളിലും ബസ് ഷെല്‍ട്ടറുകളിലും ചായം പൂശാന്‍ അനുവദിക്കില്ല. നിലവില്‍ ചായം പൂശിയ പോസ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ വൃത്തിയാക്കും. അനധികൃതമായി പോസ്റുകളില്‍ ചായം പൂശുകയും തോരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കെ.എസ്.ഇ.ബി നടപടി കര്‍ക്കശമാക്കും.
വിവിധ സംഘടനകള്‍ സ്വന്തം നിലയില്‍ സ്ഥാപിച്ചിട്ടുള്ള ബസ് ഷെല്‍ട്ടറുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്യും. മികച്ച രീതിയില്‍ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറുകള്‍ ഏറ്റെടുക്കും. മോശമായവ പൊളിച്ച് നീക്കി തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്ഥാപിക്കും. സ്വകാര്യ ബസ് ഷെല്‍ട്ടറുകള്‍ ഇനി മുതല്‍ ഉണ്ടാവില്ല. മാംസ വില്‍പനശാലകള്‍ക്കും ഇറച്ചിവെട്ട് കടകള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
പാതയോരങ്ങളില്‍ വലിയ തൂണുകള്‍ സ്ഥാപിച്ച് റോഡിന് കുറുകെ വിവിധ നിറത്തിലുള്ള തോരണങ്ങള്‍ സ്ഥാപിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് പ്രേരകമാവുന്നു എന്ന് മാത്രമല്ല റോഡപകടങ്ങള്‍ പെരുകാനും കാരണമായിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ കൈയ്യടക്കി തോരണങ്ങള്‍ സ്ഥാപിക്കുന്നതു മൂലം റോഡിന്റെ വീതി കുറയുകയും വാഹന ഗതാഗതം ദുഷ്കരമാവുകയും ചെയ്യുന്നു. റോഡ് സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകള്‍ പോലും ചായം പൂശി വൃത്തികേടാക്കുന്നുണ്ട്. റോഡുകളില്‍ ഒരു വിഭാഗം ചായം പൂശുന്നത് മറുവിഭാഗത്തെ പ്രകോപിപ്പിക്കുന്നു. ഇവ കര്‍ശനമായി നിയന്ത്രിക്കും. ആര്‍ച്ചുകളും തോരണങ്ങളും മുന്‍കൂര്‍ അനുവാദമില്ലാതെ സ്ഥാപിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കും.
ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷനായി. ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍, സബ് കളക്ടര്‍ പി.ബാലകിരണ്‍, എ.ഡി.എം എച്ച്.ദിനേശന്‍ എന്നിവരും പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, നഗരസഭാ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Keywords: Communal clashes, Kasaragod