Coconut Tree | ദേശീയപാതക്കരികിൽ തെങ്ങുകളുടെ തല അറ്റു പോകുന്നു; പരിശോധന വേണമെന്ന് ആവശ്യം; കർഷകർ ആശങ്കയിൽ
കൂമ്പ് ചീയലും, മണ്ഡരിയുമൊക്കെ വഴിമാറി തെങ്ങുകളുടെ തല തന്നെ ഉണങ്ങി അറ്റുപോകുന്ന രോഗം എന്തെന്നറിയാതെ വിഷമത്തിലാണ് കർഷകർ
മൊഗ്രാൽ പുത്തൂർ: (KasargodVartha) പഴയകാലത്തെ കൃഷി രീതികളും, കൃഷികളുമൊക്കെ അന്യം നിന്നു പോകുമ്പോൾ ആകെയുള്ള നാളികേരമെങ്കിലും സംരക്ഷിക്കാനാവാത്ത അവസ്ഥയിലാണ് മൊഗ്രാലിലെയും, മൊഗ്രാൽ പുത്തൂരിലെയും കേര കർഷകർ. കൂമ്പ് ചീയലും, മണ്ഡരിയുമൊക്കെ വഴിമാറി തെങ്ങുകളുടെ തല തന്നെ ഉണങ്ങി അറ്റുപോകുന്ന രോഗം എന്തെന്നറിയാതെ വിഷമത്തിലാണ് കർഷകർ.
മൊഗ്രാൽ പുത്തൂരിൽ ദേശീയപാതക്കരികിൽ പുഴയോരത്തുള്ള നിരവധി തെങ്ങുകളുടെ തല തന്നെ അറ്റുപോയിട്ടുണ്ട്. ഏപ്രിൽ - മെയ് മാസങ്ങളിലുണ്ടായ കടുത്ത വേനൽചൂടിനെ തുടർന്നാണ് നശിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പുഴയോരത്തുള്ള തെങ്ങുകൾ അങ്ങനെ നശിക്കാൻ കാരണമില്ലെന്ന് കർഷകരും വ്യക്തമാക്കുന്നു.
നേരത്തെ മൊഗ്രാൽ പടിഞ്ഞാർ ഭാഗത്ത് തെങ്ങോല പഴുത്ത് നശിച്ചു തെങ്ങുകൾക്ക് രോഗബാധ ഉള്ളതായി കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. നാളികേരം വിത്ത് ഉപജീവനമാർഗം കണ്ടെത്തുന്ന കർഷകർ മൊഗ്രാലിലും, പുത്തൂരിലും ഏറെയാണ്. മറ്റു കൃഷി രീതികളൊക്കെ ചിലവേറിയതിനാൽ മുതൽമുടക്ക് കിട്ടാത്ത അവസ്ഥ ഉള്ളതിനാൽ തെങ്ങുകളെ നല്ല രീതിയിൽ സംരക്ഷിച്ചു പോന്നിരുന്ന കേര കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത് .
ബദിയടുക്ക, എൻമകജെ, പുത്തിഗെ, കുമ്പള തുടങ്ങിയ ഭാഗങ്ങളിലും സമാനമായ രോഗബാധ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തെങ്ങോല പുഴുക്കളുടെ ആക്രമണം തെങ്ങുകൾ ഇങ്ങനെ നശിക്കാൻ കാരണമല്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന തല അറ്റുപോകുന്ന രോഗവിവരത്തെക്കുറിച്ച് സമഗ്രമായ പഠനവും, പരിഹാര നിർദേശവും വേണമെന്നാണ് കേര കർഷകർ ആവശ്യപ്പെടുന്നത്. ഇതിന് സിപിസിആർഐയുടെ സഹായം തേടണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.