തെങ്ങ് കയറ്റ തൊഴിലാളിയെ കിട്ടാനില്ല: കര്‍ഷകര്‍ ദുരിതത്തില്‍
May 29, 2012, 22:05 IST
കാസര്‍കോട്: ജില്ലയില്‍ തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കേര കര്‍ഷകര്‍ ദുരിതത്തിലായി. ജില്ലയിലെ പല ഭാഗങ്ങളിലും തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കാസര്‍കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. പള്ളിക്കര, ഉദുമ, മേല്‍പ്പറമ്പ്, ചെമ്മനാട്, കാസര്‍കോട് നഗരസഭ മധൂര്‍ ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളികളെ കിട്ടാത്തതിനാല്‍ തേങ്ങകള്‍ ഉണങ്ങി വീഴുകയാണ്. നേരത്തെ തെങ്ങ് ഒന്നിനു അഞ്ചു രൂപ മുതല്‍ പതിനഞ്ചു രൂപ വരെയായിരുന്നു തെങ്ങ് കയറ്റ തൊഴിലാളികള്‍ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഉള്ള തൊഴിലാളികള്‍ ഇരുപത് രൂപമുതല്‍ മുപ്പത് രൂപ വരെ ഈടാക്കുന്നു. ഇത്രയും തുക കൊടുത്താല്‍ തന്നെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്.
തേങ്ങകള്‍ക്ക് വില കുത്തനെ കുറഞ്ഞതും കേര കര്‍ഷകരെ ദുരിതത്തിലാക്കി. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികള്‍ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും, പുതുതലമുറ ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നതുമാണ് തൊഴിലാളി ക്ഷാമം രൂക്ഷമായത്. നാമമാത്രമായ തൊഴിലാളികളാണ് ഇപ്പോള്‍ ഉള്ളത്. ഇവര്‍ക്കാകട്ടെ ശാരീരിക അവശതകള്‍ കാരണം തൊഴിലെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം തുടങ്ങിയിട്ടുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. ഇതിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കണം. സര്‍ക്കാരില്‍ നിന്ന് മതിയായ സംരക്ഷണമോ, സഹായമോ ലഭിക്കാത്തതാണ് ഈ മേഖലയിലേക്ക് ആരും കടന്നുവരാത്തതെന്ന് തെങ്ങു കയറ്റ തൊഴിലാളികള്‍ പറയുന്നു.
Keywords: Coconut tree, Worker, Kasaragod