Cobra | മൂര്‍ഖൻ്റെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ അന്ത്യകർമങ്ങൾക്ക് പാമ്പ് സാക്ഷിയായോ? പൈവളികെയിൽ സംഭവിച്ചത്!
ഉപ്പള: (KasaragodVartha) മൂര്‍ഖൻ്റെ കടിയേറ്റ് (Cobra bite) മരിച്ച വീട്ടമ്മയുടെ അന്ത്യകർമങ്ങൾക്ക് (Final Rites) പാമ്പ് (Snake) സാക്ഷിയായെന്ന് അവകാശവാദം. പൈവളികെ കുരുടപ്പദവിലെ (Paivalike Kurudapadavu) പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു (64) വാണ് ജൂലൈ മൂന്നിന് ബുധനാഴ്ച രാത്രി മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യകർമങ്ങൾ നടത്തിയത്.
ഇവരുടെ പരമ്പരാഗതമായ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി വ്യാഴാഴ്ച രാത്രി മുഴുവൻ ചോമുവിന്റെ വീടിൻ്റെ വരാന്തയിൽ ബന്ധുക്കൾ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെച്ചിരുന്നു. പാത്രത്തിന്റെ ചുറ്റിലും ചാരം വിതറി, ഏതെങ്കിലും ചലനങ്ങൾ കണ്ടെത്താനായിരുന്നു ഇത്. പിന്നീട് പിൻവാതിൽ (Backdoor) പൂട്ടി വീട് സുരക്ഷിതമാക്കി.
'വെള്ളിയാഴ്ച രാവിലെ വീട്ടുകാർ പാത്രം പരിശോധിച്ചപ്പോൾ അത് കാലിയായിരുന്നു. വെള്ളം ഉണ്ടായിരുന്നില്ല. ചാരത്തിൽ പാമ്പിന്റെ സഞ്ചാരത്തിന്റെ അടയാളങ്ങളും കണ്ടെത്തി. ചോമുവിനെ കടിച്ച മൂർഖൻ പാമ്പ് തിരിച്ചുവന്ന് വെള്ളം കുടിച്ചു പോയതാണെന്നാണ് സംശയിക്കുന്നത്', ബന്ധുക്കൾ അവകാശപ്പെട്ടു.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കോണ്‍ക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന ചോമുവിനെ പാമ്പ് കടിച്ചത്. വീട്ടിനകത്തെ മറ്റൊരു മുറിയില്‍ പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ ചുരുണ്ടു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ചോമുവിനെ ഉടൻ അയല്‍ക്കാരുടെ സഹായത്തോടെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.
ചോമുവിന് കടിയേറ്റതിന് പിന്നാലെ വിവരം അറിയിച്ചതിനെ തുടർന്ന്, വീട്ടമ്മയെ കടിച്ചതായി കരുതുന്ന പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പിടികൂടി വനം വകുപ്പിന് കൈമാറുകയും അവർ വനത്തിൽ തുറന്നുവിടുകയും ചെയ്‌തിരുന്നു. എന്നാൽ, വനത്തിൽ തുറന്നുവിട്ട പാമ്പ് വീണ്ടും ഇതേ വീട്ടിലെത്തി വെള്ളം കുടിച്ച് പോയെന്ന ബന്ധുക്കളുടെ അവകാശവാദം പ്രദേശത്ത് ചർച്ചയായിട്ടുണ്ട്.