Seawall | കടൽ ഭിത്തിക്കായി തീരത്ത് അടുക്കിവെച്ച കല്ലുകളും കടലെടുത്തു; വേണ്ടത് ശാസ്ത്രീയ പദ്ധതികളെന്ന് തീരദേശ വാസികൾ
മൊഗ്രാൽ: (KasargodVartha) ഒടുവിൽ തീരദേശവാസികൾ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ചെറിയ കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തി നിർമാണം കടലാക്രമണത്തെ ചെറുക്കാനാകില്ലെന്ന പ്രദേശവാസികളുടെ അഭിപ്രായം ശരിവെക്കുന്നതാണ് മൊഗ്രാൽ നാങ്കിയിലെയും, പെറുവാട് കടപ്പുറത്തെയും രൂക്ഷമായ കടലാക്രമണം അധികൃതരോട് വിളിച്ചുപറയുന്നതെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
മൊഗ്രാൽ നാങ്കി കടപ്പുറത്ത് കടൽ ഭിത്തി നിർമാണത്തിനായി രണ്ടുവർഷം മുമ്പ് കൊണ്ടിറക്കിയ കരിങ്കല്ലുകൾ ചെറുതാണെന്ന് കാണിച്ച് അന്നുതന്നെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. വർഷാവർഷം വെറുതെ ഖജനാവിന്റെ പണം കടലിലിട്ട് ഒഴുക്കരുതെന്ന് അന്നേ നാട്ടുകാർ അതികൃതരോട് പറഞ്ഞിരുന്നതുമാണ്. ഇത് തുടർന്ന് അധികൃതർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൊണ്ടുവന്ന കല്ലുകൾ നാങ്കി തീരത്ത് അടുക്കി വെച്ചിരുന്നുവെങ്കിലും അതും ഇപ്പോൾ കടലെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിച്ച ഒരു ഭാഗം കടൽ ഭിത്തിയും ഇപ്പോൾ കടലെടുത്തു കൊണ്ടിരിക്കുന്നു.
ഇനി തീരസംരക്ഷണത്തിന് വേണ്ടത് ശാസ്ത്രീയമായ വലിയ പദ്ധതികളാണെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. മഞ്ചേശ്വരം മുതൽ മൊഗ്രാൽ വരെയുള്ള തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. കടലാക്രമണത്തെ ചെറുക്കാൻ നാമമാത്രമായ ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ ഫലം കാണുന്നുമില്ല. ഇതിന് വലിയ തോതിലുള്ള കേന്ദ്രസർക്കാർ പദ്ധതികളാണ് വേണ്ടത്. '
ഇത് കേരള നിയമസഭയിൽ എകെ എം അശ്റഫ് എംഎൽഎ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ പദ്ധതിക്കായി സംസ്ഥാന സർക്കാറിന്റെയും, എംപിമാരുടെയും വലിയ തോതിലുള്ള ഇടപെടലുകളും ഇതിന് അനിവാര്യമാന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.