പോലീസ് ബോട്ടുകള്‍ അപകടത്തില്‍പെട്ടു; ഉദ്യോഗസ്ഥര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
Jul 29, 2012, 13:12 IST
കാസര്‍കോട്: കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കടലില്‍ പട്രോളിങ്ങിനു പോയ ബോട്ട് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയും ഈ ബോട്ടിനെ രക്ഷിക്കാന്‍ പോയ മറ്റൊരു ബോട്ട് കെട്ടിവലിച്ചു വരുന്നതിനിടയില്‍ മണല്‍തിട്ടയിലിടിച്ച് അപകടത്തില്‍പെട്ടു.
അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എസ്.ഐയും, എ.എസ്.ഐയുമാരും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഞായാറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കടലില്‍ ആദ്യം പട്രോളിങ്ങിനു പോയത് എ.എസ്.ഐ രമേശനും, പോലീസുകാരായ ഉണ്ണികൃഷ്ണന്‍, ലാസ്‌ക്കര്‍ ജിതേഷ്, സ്രാങ്ക് ബാബു എന്നിവരായിരുന്നു. ഇതില്‍ പോലീസുകാരായ ഉണ്ണികൃഷ്ണന്‍, ലാസ്‌ക്കര്‍ എന്നിവര്‍ക്കാണ് കാലിന് പരിക്കേറ്റത്.
തിരിച്ച് വരുന്നതിനിടയില്‍ ബോട്ട് പെട്ടെന്ന് മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിയാതെ നടുക്കടലില്‍ കുടുങ്ങി. എ.എസ്.ഐ സംഭവം ഉടന്‍ തന്നെ തളങ്കരയിലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മൊബൈല്‍ ഫോണില്‍ വിവിരം അറിയിച്ചതിനെത്തുടര്‍ന്ന് എസ്.ഐ ശേഖരന്‍, എ.എസ്.ഐ വിജയകുമാര്‍, പോലീസുകാരായ പ്രകാശന്‍, രാജന്‍, പ്രേമരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോകുകയായിരുന്നു.
എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് കുടുങ്ങിയ ബോട്ട് കെട്ടിവലിച്ച് വരുന്നതിനിടയില്‍ രണ്ട് ബോട്ടുകളും തിരമാലയില്‍പെട്ട് മണല്‍തിട്ടയില്‍ ഇടിച്ച് ഉലഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ കടലില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ ബോട്ട് കരയോടടുത്തപ്പോള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തിരമാലയില്‍പ്പെട്ട ബോട്ട് പിന്നീട് നെല്ലിക്കുന്ന് ബീച്ചില്‍ കരയിലേക്ക് മറിഞ്ഞു. മറിഞ്ഞ ബോട്ടുകള്‍ നാട്ടുകാരുടെയും, മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തളങ്കര ഹാര്‍ബറില്‍ എത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.
Photo: Zubair Pallikkal
Keywords: Coastal Police, Boat Accident, Kasargod